ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരോട് കേന്ദ്രം കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം: സത്യന്‍ മൊകേരി
സമാനതകളില്ലാത്ത ദുരന്തം നേരിട്ട ചൂരല്‍മല-മുണ്ടക്കൈ നിവാസികളോട് കാണിക്കുന്ന അവഗണന കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് വയനാട്ടിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥി സത്യന്‍ മൊകേരി. ലോകം തന്നെ ഞെട്ടിപ്പോയ ദുരന്തമായിരുന്നു വയനാട്ടിലേത്. ഒറ്റ രാത്രികൊണ്ട് മുന്നൂറില്‍ അധികം ആളുകള്‍ മണ്ണിന് അടിയിലായിപ്പോഴ ദുരന്തം. പ്രധാനമന്ത്രി നേരിട്ട് വന്ന് കണ്ടതാണ് വയനാട്ടിലെ ദുരന്തം. അതോടെ കേന്ദ്രത്തിന്റെ വലിയ രീതിയിലുള്ള സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ഒന്നുമുണ്ടായില്ലെന്ന് അദ്ദേഹം വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
'ഉരുള്‍ പൊട്ടല്‍ ദുരന്തം ഉണ്ടായപ്പോള്‍ അധികം വൈകാതെ തന്നെ പ്രധാനമന്ത്രി വയനാട് എത്തി എന്നുള്ളത് ശരിയാണ്. അതോടെ നമ്മളെല്ലാം വിചാരിച്ചു കേന്ദ്രം വലിയ സഹായം ചെയ്യാന്‍ പോകുകയാണെന്ന്. ദുരിത ബാധിതർ താമസിക്കുന്ന ആശുപത്രി സന്ദർശിച്ച പ്രധാനമന്ത്രി ഒരു കൊച്ചുകുട്ടിയെ വാരിപുണരുന്ന ദൃശ്യങ്ങളൊക്കെ വലിയ രീതിയില്‍ പ്രചരിച്ചു. ദുരിതം നേരിട്ട് മനസ്സിലാക്കിയ അദ്ദേഹം മുന്‍കൈ എടുത്ത് തന്നെ അവർക്ക് വേണ്ടി പ്രവർത്തിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കേന്ദ്രത്തിന്റേതായി ഒരു പൈസയും ഇന്നുവരെ കിട്ടിയിട്ടില്ല.' സത്യന്‍ മൊകേരി പറഞ്ഞു.

ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരോട് കേന്ദ്രം കാണിക്കുന്ന അവഗണനയെക്കുറിക്ക് ബി ജെ പി സ്ഥാനാർത്ഥിക്ക് എന്താണ് പറയാനുള്ളത്. അവർ എന്ത് പറഞ്ഞാണ് വയനാട്ടിലെ ജനങ്ങളോട് വോട്ട് തേടുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം കേന്ദ്രം സഹായം ചെയ്യുന്നുണ്ട്. ബിഹാറിന് കേന്ദ്രം അഡ്വാന്‍സ് കൊടുത്തു, ആന്ധ്രക്ക് അഡ്വാന്‍സ് കൊടുത്തു. എല്ലാ വലിയ തുകകളാണ്. അവിടങ്ങളിലേതിനേക്കാള്‍ വലിയ ദുരന്തമാണ് കേരളം നേരിട്ടത്. എന്നിട്ടും കേരളത്തിന് ഒരു പണവും തന്നില്ല. നമ്മുടെ സംസ്ഥാനത്തെ ഒറ്റപ്പെടുത്തുന്ന രീതിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
കേന്ദ്ര സർക്കാർ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോട് കാണിക്കുന്ന അവഗണനയില്‍ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഒന്നും മിണ്ടാത്തത് എന്താണ്. യു ഡി എഫ് ഇക്കാര്യത്തില്‍ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അവരുടെ നേതാക്കള്‍ കേന്ദ്ര സർക്കാറിനെതിരെ ഒന്നും പറയുന്നില്ലെന്നും എല്‍ ഡി എഫ് സ്ഥാനാർത്ഥി കുറ്റപ്പെടുത്തുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും ഒപ്പം നില്‍ക്കേണ്ടയാണ് ഒരു ജനപ്രതിനിധി. ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം അവരുടെ എംപിയുണ്ടായിരുന്നില്ല. ആ സന്ദർഭത്തില്‍ ഒരു ശൂന്യതയാണ് ഉണ്ടായത്. അതായത് തങ്ങള്‍ വിശ്വസിച്ച് വോട്ട് നല്‍കി വിജയിപ്പിച്ച ജനപ്രതിനിധിയുടെ ഒരു അഭാവം അവർക്കിടയിലുണ്ടായി. അത്തരം ഘട്ടങ്ങളിലാണ് ഒരു ജനപ്രതിനിധി നമുക്കിടയില്‍ വേണ്ടത്. പ്രധാനമന്ത്രി വരുമ്പോള്‍ പോലും ഇവിടെ ഒരു എംപിയില്ല. അദ്ദേഹം അപ്പോഴേക്കും രാജിവെച്ച് പദവി ഒഴിഞ്ഞിരുന്നു. ദുരിത സമയത്ത് രാഹുല്‍ ആ പ്രദേശത്ത് ഒരു വി ഐ പി സന്ദർശനം നടത്തുക മാത്രമാണുണ്ടായത്.
കേന്ദ്രം ഭരിക്കുന്ന ബി ജെ പി കാണിക്കുന്ന അവഗണനയും അതിനെ ചോദ്യം ചെയ്യാത്ത യു ഡി എഫ് നിലപാടും വയനാട്ടിലെ ജനങ്ങള്‍ കാണുന്നുണ്ട്. അതോടൊപ്പം തന്നെ വശ്വസിച്ച് വിജയിപ്പിച്ചതിന് ശേഷം തങ്ങളെ ഉപേക്ഷിച്ച പോയ രാഹുല്‍ ഗാന്ധിയുടെ നടപടിയും അവർ മറക്കില്ല. ഇത് അടക്കമുള്ള വിവിധ വിഷയങ്ങള്‍ ഇത്തവണ വയനാട് ലോക്സഭ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായി പ്രവർത്തിക്കുമെന്നും എല്‍ ഡി എഫ് സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications