സൗദി അറേബ്യ കരകയറിയില്ല, തിരിച്ചടികള്‍ തുടരുന്നു: റഷ്യയുടെ ഇടിവ് നേട്ടമാക്കിയത് ഇറാഖ്
നീണ്ട ഇടവേളക്ക് ശേഷം റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഇടിവ്. ജുലൈയില്‍ റെക്കോർഡ് നിരക്കിലായിരുന്നു ഇറക്കുമതിയെങ്കില്‍ ഓഗസ്റ്റ് മാസത്തില്‍ ഇത് വലിയ തോതില്‍ കുറഞ്ഞുവെന്നാണ് ഷിപ്പ് ട്രാക്കിംഗ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ അന്താരാഷ്ട്ര വിപണി രംഗത്തും റഷ്യൻ എണ്ണയുടെ ലഭ്യത താരതമ്യേന കുറവായിരുന്നു.
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി സെപ്റ്റംബറിൽ വീണ്ടും കുറയുമെന്നാണ് എണ്ണ വിപണി വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. മെയിൻ്റനൻസ് കാരണം ഇന്ത്യന്‍ റിഫൈനറികളില്‍ ചിലത് അടച്ചുപൂട്ടാന്‍ പോകുന്നതാണ് പ്രധാനമായും ഇറക്കുമതി കുറയാന്‍ ഇടയാക്കുന്നത്.

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയില്‍ 14.5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അപ്പോഴും ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 39.9 ശതമാനവും റഷ്യയില്‍ നിന്നാണെന്നാണ് കമ്മോഡിറ്റി മാർക്കറ്റ് അനലിറ്റിക്സ് സ്ഥാപനമായ Kpler-ൽ നിന്നുള്ള പ്രൊവിഷണൽ വെസൽ ട്രാക്കിംഗ് ഡാറ്റ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഈ മാസത്തെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയും സമാനമായ അളവിൽ-0.32 ദശലക്ഷം ബി പി ഡി അതായത് 4.52 ദശലക്ഷം ബി പി ഡി ആയി കുറഞ്ഞു. "ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറി മെയിൻ്റനൻസ് സീസൺ സെപ്റ്റംബറിലാണ്. നവംബറോടെ, റിഫൈനറി പ്രവർത്തനം അവയുടെ സാധാരണ ശ്രേണിയായ 5.4-5.5 ദശലക്ഷം ബിപിഡിയിലേക്ക് ഉയരും. അതുവരെ റഷ്യയിൽ നിന്നുള്ള ഇറക്കുമതിയും ദുർബലമായിരിക്കും" Kpler-ലെ ക്രൂഡ് അനാലിസിസ് മേധാവി വിക്ടർ കറ്റോണയ വ്യക്തമാക്കി.
മറ്റ് മുൻനിര വിതരണക്കാരെ സംബന്ധിച്ചിടത്തോളം, ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ സ്രോതസ്സായ ഇറാഖിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടർച്ചയായി 6.7 ശതമാനം ഉയർന്ന് 0.85 ദശലക്ഷം ബി പി ഡി ആയെന്നാണ് ശ്രദ്ധേയം. ഓഗസ്റ്റില്‍ ഇന്ത്യയില്‍ ഇറാഖിന്റെ ക്രൂഡ് ഓയില്‍ മാർക്കറ്റ് ഷെയർ 18.8 ശതമാനമാണ്. അതായത് റഷ്യയുടെ ഇടിവ് നേട്ടമായത് ഇറാഖിനാണ്. എന്നാല്‍ നേരത്തെ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായിരുന്ന സൗദി അറേബ്യയുടെ കാര്യം തികച്ചും പരിതാപകരമാണ്.
ഏറ്റവും വലിയ എണ്ണ വിപണിയായ സൗദി അറേബ്യ - ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് വിതരണം ചെയ്ത അളവിൽ 0.55 ദശലക്ഷം ബി പി ഡിയിൽ 16.6 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. 0.55 ദശലക്ഷം ബി പി ഡി എണ്ണയാണ് കഴിഞ്ഞ മാസം ഇന്ത്യ ഇറാഖില്‍ നിന്നും ഇറക്കുമതി ചെയ്തത്. ഇന്ത്യയിലെ സൗദി അറേബ്യയുടെ എണ്ണ വിഹിതം 12.2 ശതമാനമാണ്.
ജൂലൈയിലെ 16.5 ശതമാനമായിരുന്ന ഇറക്കുമതിയാണ് ഓഗസ്റ്റിൽ 18.8 ശതമാനമായി ഇറാഖ് ഉയർത്തിയത്. റഷ്യയുടെ വിപണി വിഹിതം ജൂലൈയിൽ 43.5 ശതമാനമായിരുന്നു. അതായത് ഓഗസ്റ്റിലെ വിഹിതത്തേക്കാൾ 3.6 ശതമാനം കൂടുതലാണ്. സൗദി അറേബ്യയുടെ വിപണി വിഹിതം ജൂലൈയിലെ 13.7 ശതമാനത്തിൽ നിന്നുമാണ് ഓഗസ്റ്റിൽ 12.2 ശതമാനം എന്നതിലേക്ക് ചുരുങ്ങിയത്.
"സൗദി അറേബ്യയുടെ 550,000 ബി പി ഡി കഴിഞ്ഞ വർഷത്തെ ശരാശരി ഇറക്കുമതിയേക്കാള്‍ 200,000-250,000 ബി പി ഡി കുറവാണ്. ജൂണിൽ സൗദി എണ്ണ ഇറക്കുമതി 10 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ആ അവസ്ഥയില്‍ നിന്നും തിരിച്ച് വരാന്‍ അറബ് രാഷ്ട്രത്തിന് ഇപ്പോഴും സാധിച്ചിട്ടില്ല." കറ്റോണ പറഞ്ഞു.
അതേസമയം തന്നെ റഷ്യയിൽ നിന്നും ഇറാഖിൽ നിന്നുമുള്ള എണ്ണയെ അപേക്ഷിച്ച് സൗദി അറേബ്യൻ ക്രൂഡ് ഇന്ത്യൻ റിഫൈനറികള്‍ക്ക് നഷ്ടമാണ്. അതായത് വില അല്‍പം കൂടുതലാണ്. ഇതാണ് അവരുടെ തുടർച്ചയായ മാസങ്ങളിലെ ഇടിവിന്റെ പ്രധാന കാരണം. ഉക്രെയ്നിലെ യുദ്ധത്തിന് മുമ്പ്, ഇറാഖും സൗദി അറേബ്യയുമായിരുന്നു ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നത്.
2022 ഫെബ്രുവരിയിൽ റഷ്യന്‍ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ ഊർജ മേഖലയ്ക്ക് ഉപരോധം ഏർപ്പെടുത്തിയപ്പോള്‍, റഷ്യ തങ്ങളുടെ ക്രൂഡിന് വലിയ വില കിഴിവ് വാഗ്ദാനം ചെയ്യാൻ തുടങ്ങി. ഇതോടെയാണ് ഇന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ശക്തമാക്കിയത്.












Click it and Unblock the Notifications