കുമരകത്ത് നാല് വയസുകാരനായ സൗദി ബാലൻ മുങ്ങിമരിച്ച സംഭവം; ശാസ്ത്രീയ പരിശോധനയ്ക്ക് നിർദേശം...
സൗദി പൗരനായ ഇബ്രാഹിം ആദിന്റെ നാലു വയസുകാരനായ മകൻ മജീദ് ആദിനാണ് 2017 ഓഗസ്റ്റിൽ കുമരകത്തെ റിസോർട്ടിൽ മുങ്ങിമരിച്ചത്.
കോട്ടയം: കുമരകത്തെ സ്വകാര്യ റിസോർട്ടിൽ സൗദി ബാലൻ മുങ്ങിമരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പരിശോധന റിപ്പോർട്ട് മൂന്നു മാസത്തിനകം സമർപ്പിക്കണമെന്ന് പോലീസിന് കമ്മീഷൻ നിർദേശം നൽകി.
സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിസംഗത കാണിച്ച പോലീസിനെ കമ്മീഷൻ രൂക്ഷഭാഷയിൽ വിമർശിച്ചു. പോലീസ് ഉദ്യോഗസ്ഥർ കുട്ടിയുടെ അച്ഛന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നും, റിസോർട്ട് മാനേജറുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. സൗദി ബാലന്റെ മരണകാരണം ശാസ്ത്രീയമായി പരിശോധിക്കാനും, മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും മനുഷ്യാവകാശ കമ്മീഷൻ പോലീസിന് നിർദേശം നൽകി.

സൗദി പൗരനായ ഇബ്രാഹിം ആദിന്റെ നാലു വയസുകാരനായ മകൻ മജീദ് ആദിനാണ് 2017 ഓഗസ്റ്റിൽ കുമരകത്തെ റിസോർട്ടിൽ മുങ്ങിമരിച്ചത്. റിസോർട്ടിലെ നീന്തൽക്കുളത്തിൽ കുടുംബാംഗങ്ങളോടൊപ്പം കുളിക്കുന്നതിനിടെ ആദിൻ മുങ്ങിമരിച്ചെന്നാണ് റിസോർട്ട് അധികൃതർ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ മകൻ മുങ്ങി മരിച്ചതല്ലെന്നും, നീന്തൽക്കുളത്തിലെ വൈദ്യുതാഘാതമാണ് മരണത്തിന് കാരണമെന്നും ഇബ്രാഹിം ആരോപിച്ചു. കുട്ടിയെ രക്ഷിക്കാനായി നീന്തൽക്കുളത്തിൽ ഇറങ്ങിയവരും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് സംഘം ഇതൊന്നും കാര്യമാക്കിയില്ല.












Click it and Unblock the Notifications