ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
തൃശൂര്‍: കെ എസ് ആര്‍ ടി സി ബസില്‍ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ വടകര സ്വദേശിയായ സവാദ് വീണ്ടും അറസ്റ്റില്‍. ജൂണ്‍ 14 ന് മലപ്പുറത്തേക്കുള്ള കെ എസ് ആര്‍ ടി സി ബസില്‍ വെച്ച് സവാദ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് പുതിയ പരാതി. മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ യുവതിയോട് സവാദ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
ബസ് തൃശ്ശൂരില്‍ എത്തിയപ്പോള്‍ യുവതി പൊലീസിന് പരാതി നല്‍കി. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലായിരുന്നു പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇയാളെ വെള്ളിയാഴ്ചയാണ് കസ്റ്റഡിയില്‍ എടുക്കുന്നത്. സംഭവത്തില്‍ സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 2023 ലും ഇയാള്‍ക്കെതിരെ ഇതേ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തിരുന്നു.

ഈ സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. 2023 ല്‍ നെടുമ്പാശ്ശേരിയില്‍ ബസ്സില്‍ വച്ച് തൃശ്ശൂര്‍ സ്വദേശിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനാണ് സവാദ് അറസ്റ്റിലായത്. എന്നാല്‍ ഈ കേസില്‍ പരാതിപ്പെട്ട യുവതിക്ക് നേരെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിരുന്നു. മാത്രമല്ല ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ വക സ്വീകരണവും ഒരുക്കിയിരുന്നു.
മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം ഒരുക്കിയിരുന്നത്. പുതിയ കേസിന്റെ പശ്ചാത്തലത്തില്‍ അന്ന് സ്വീകരണം നല്‍കിയവരെ വിമര്‍ശിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications