'കടൽക്കിഴവന്മാരെ വേണ്ടേ വേണ്ട'! പാലോട് രവിക്കെതിരെ പോസ്റ്റർ പ്രതിഷേധം
തിരുവനന്തപുരം കോൺഗ്രസിലെ ആഭ്യന്തര കലഹങ്ങൾ കെട്ടടങ്ങുന്നില്ല എന്നതിന്റെ വ്യക്തമായ സൂചന നൽകിക്കൊണ്ട് മുൻ ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ വാമനപുരത്ത് വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 'സേവ് കോൺഗ്രസ്' എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്ററുകൾ പാലോട് രവിക്കെതിരെ കടുത്ത ഭാഷയിലുള്ള വിമർശനങ്ങളാണ് ഉയർത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഒരു മണ്ഡലത്തിൽ പാലോട് രവിയെ സ്ഥാനാർഥി ആക്കിയേക്കും എന്ന സൂചനകളുണ്ട്. നിർണായകമായ തെരഞ്ഞെടുപ്പിൽ പാർട്ടി സംവിധാനം ഒരുമിച്ച് നിൽക്കേണ്ട സമയത്ത് വാമനപുരത്തെ 'പോസ്റ്റർ' വിവാദം നേതൃത്വത്തിന് തലവേദനയാണ്.
'കടൽക്കിഴവന്മാരെ വേണ്ടേ വേണ്ട'
വാമനപുരം മണ്ഡലത്തിലെ പ്രധാന കവലകളിലും പാർട്ടി ഓഫീസുകൾക്ക് പരിസരത്തുമാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. "കോൺഗ്രസിനെ രക്ഷിക്കാൻ പാലോട് രവിയെ മാറ്റിനിർത്തുക, കടൽക്കിഴവന്മാരെ വേണ്ടേ വേണ്ട, പാലോട് രവി വീട്ടിലിരിക്കട്ടെ, ജനഗണമംഗള രവിയെ നമ്മുടെ പെടലിയിൽ വയ്‌ക്കരുത്, ഇത്തവണ കോൺഗ്രസിന് എംഎൽഎയെ വേണമെന്ന് ആഗ്രഹമുണ്ട്, യുവത്വം നയിച്ചാൽ വിജയം ഉറപ്പ്', എന്നിങ്ങനെയാണ് പോസ്റ്ററുകളിലെ വാചകങ്ങൾ. 2025-ൽ വിവാദമായ ഫോൺ സംഭാഷണത്തിന് പിന്നാലെ അദ്ദേഹം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നുവെങ്കിലും, പാർട്ടി കാര്യങ്ങളിൽ അദ്ദേഹം ഇപ്പോഴും ഇടപെടുന്നത് വൻ തിരിച്ചടിയാണെന്ന് ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നു.

ഗ്രൂപ്പ് സമവാക്യങ്ങൾ പുകയുന്നു
തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസ് നേതൃത്വവും താഴെത്തട്ടിലെ പ്രവർത്തകരും തമ്മിലുള്ള അകൽച്ച ഈ പോസ്റ്റർ യുദ്ധത്തിലൂടെ ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണ്. നിലവിൽ എൻ. ശക്തനാണ് ഡിസിസിയുടെ ചുമതല വഹിക്കുന്നതെങ്കിലും, പാലോട് രവിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള തർക്കം വാമനപുരം പോലുള്ള കോൺഗ്രസ് സ്വാധീന മേഖലകളിൽ പാർട്ടിയെ ദുർബലപ്പെടുത്തുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അച്ചടക്കമില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ഔദ്യോഗിക നേതൃത്വം കരുതുമ്പോഴും, പ്രവർത്തകരുടെ വികാരം മാനിക്കാത്തതാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് കാരണമെന്ന് മറുവിഭാഗം വാദിക്കുന്നു.
നേതൃത്വത്തിന് മുന്നിലെ വെല്ലുവിളി
പാലോട് രവിക്കെതിരെയുള്ള പോസ്റ്ററുകൾ കെപിസിസി നേതൃത്വത്തിനും വലിയ വെല്ലുവിളിയാണ്. ജില്ലയിലെ മുതിർന്ന നേതാക്കൾ തമ്മിലുള്ള ഐക്യമില്ലായ്മ താഴെത്തട്ടിലുള്ള പ്രവർത്തകരെയും ബാധിച്ചിട്ടുണ്ട്. മുൻപ് ഡിസിസി ഓഫീസിന് മുന്നിലും സമാനമായ രീതിയിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. വാമനപുരത്ത് ഇത്തരത്തിൽ പരസ്യമായി പോസ്റ്ററുകൾ ഉയർന്നത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്ക പാർട്ടിക്കുണ്ട്. അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ നടപടി വേണമോ അതോ പ്രവർത്തകരുടെ പരാതികൾ കേൾക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് നേതൃത്വം.












Click it and Unblock the Notifications