'ഇങ്ങനെയെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും'; മുഈന്‍ അലി തങ്ങള്‍ക്ക് ലീഗ് പ്രവര്‍ത്തകന്റെ വധഭീഷണി
മലപ്പുറം: പാണക്കാട് കുടുംബാംഗവും മുസ്ലീം ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈന്‍ അലി തങ്ങള്‍ക്ക് വധഭീഷണി. ഫോണിലൂടെ ആണ് മുഈന്‍ അലി തങ്ങള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരുമെന്നായിരുന്നു ഭീഷണി എന്ന് മുഈന്‍ അലി തങ്ങള്‍ പറഞ്ഞു.
'ഇനി പുറത്തിറങ്ങാന്‍ ആകില്ല. തങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളിലേക്കും ഇനി നീങ്ങും. തങ്ങളെ ഈ പോക്ക് പോകാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും. തങ്ങള്‍ കുടുംബത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തങ്ങള്‍ക്ക് പുറത്തിറങ്ങാനാകില്ല, എന്നായിരുന്നു മുഈന്‍ അലിക്ക് അയച്ച ഓഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാന്‍ അനുവദിക്കില്ല എന്നും ഭീഷണിയുണ്ട്. മുസ്ലീം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവില്‍ ആണ് ഭീഷണി സന്ദേശം അയച്ചത് എന്നാണ് മുഈന്‍ അലിയുടെ ആരോപണം. സംഭവത്തില്‍ മലപ്പുറം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട് എന്നും ഇതിനൊപ്പം ഭീഷണി സന്ദേശവും കൈമാറിയിട്ടുണ്ട് എന്നും മുഈന്‍ അലി കൂട്ടിച്ചേര്‍ത്തു.
നേരത്തെ സമസ്ത വിഷയത്തിലും ഹൈദരലി തങ്ങള്‍ക്ക് ഇ ഡി നോട്ടീസ് ലഭിച്ച സമയത്തും പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈന്‍ അലി രംഗത്തെത്തിയിരുന്നു. ഹൈദരലി തങ്ങള്‍ക്ക് ഇ ഡിയുടെ നോട്ടിസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നും ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല എന്നും അദ്ദേഹം 2021 ല്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി തുറന്നടിച്ചിരുന്നു.
ലീഗ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഈന്‍ അലിയുടെ തുറന്ന് പറച്ചില്‍. ഈ സമയത്ത് മുഈന്‍ അലി തങ്ങള്‍ക്കെതിരെ റാഫി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കാതെ അന്ന് ലീഗ് നേതാക്കള്‍ മടങ്ങുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞാലിക്കുട്ടി നടത്തിയ ഒരു പരാമര്‍ശത്തിനും പരോക്ഷ വിമര്‍ശനവുമായി മുഈന്‍ അലി രംഗത്തെത്തിയിരുന്നു.
പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം. എന്നാല്‍ ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല എന്നും അതൊക്കെ ചിലരുടെ വെറും തോന്നലുകളാണെന്നുമായിരുന്നു മുഈന്‍ അലിയുടെ മറുപടി. പ്രായമാകുന്നതിന് അനുസരിച്ച് കാഴ്ചക്ക് മങ്ങല്‍ വരുമെന്നും മുഈനലി തങ്ങള്‍ തുറന്നടിച്ചിരുന്നു.












Click it and Unblock the Notifications