
'ആരെങ്കിലും വിരുന്നിന് വിളിച്ചാല്‍ അപ്പോത്തന്നെ പോകേണ്ട കാര്യം മുസ്ലീംലീഗുകാരെ സംബന്ധിച്ചില്ല'
മലപ്പുറം: ആര്‍എസ്എസ് വേദിയിലെത്തിയ മുസ്ലീം ലീഗ് നേതാവ് കെഎന്‍എ ഖാദറിനെതിരെ പരോക്ഷ വിമര്‍ശിച്ച് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. എവിടേക്ക് പോകുമ്പോഴും വരുമ്പോഴും നോക്കണം, നമുക്ക് അങ്ങോട്ടു പോകാന്‍ പറ്റുമോയെന്ന് ചിന്തിക്കണം എന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ആരെങ്കിലും വിരുന്നിന് വിളിച്ചാല്‍ അപ്പത്തന്നെ പോകേണ്ട കാര്യം മുസ്ലീംലീഗുകാരെ സംബന്ധിച്ചില്ല.'' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനില്‍ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ ആണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. പ്രതിമാ അനാച്ഛാദനവും അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. ബുദ്ധന്റെ പ്രതിമാ അനാച്ഛാദനം ചെയ്തത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കരായിരുന്നു. കാര്യപരിപാടി പ്രകാരം ചുമര് ചിത്രം അനാവരണം ചെയ്യാനാണ് കെഎന്‍എ ഖാദര്‍ എംഎല്‍എയെ ക്ഷണിച്ചത്. ആര്‍എസ്എസ് നേതാവും പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശിയുമായ ജെ നന്ദകുമാര്‍ പരിപാടിയില്‍ കെഎന്‍എ ഖാദറിനെ പൊന്നാട അണിയിക്കുകയും ചെയ്തിരുന്നു.
പോയത് ശുദ്ധ മനസുകൊണ്ട്: ആർ എസ് എസ് വേദിയിലെ സാന്നിധ്യത്തില്‍ വിശദീകരണവുമായി കെ എന്‍ എ ഖാദർ

ഇതിന് പിന്നാലെയാണ് കെഎന്‍എ ഖാദറിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. സാദിഖലി തങ്ങള്‍ പറഞ്ഞത്: ''അച്ചടക്ക ബോധമുള്ള പാര്ട്ടിക്കാര് ആകുമ്പോള്‍ ആരെങ്കിലും വിളിച്ചാല്‍ അപ്പോഴേക്കും പോകേണ്ട. എവിടേക്ക് പോകുമ്പോഴും വരുമ്പോഴും നാം നോക്കണം. നമുക്ക് അങ്ങോട്ട് പോകാന്‍ പറ്റുമോ എന്ന് ചിന്തിക്കണം. അതിന് സാമുദായികം ആയ പ്രത്യേകതകള്‍ നോക്കേണ്ടി വരും. രാജ്യസ്നേഹപരമായ പ്രത്യേകതകള്‍ നോക്കേണ്ടി വരും. സാമൂഹികമായ പ്രത്യേകതകള്‍ നോക്കേണ്ടി വരും. അതല്ലാതെ ആരെങ്കിലും വിരുന്നിന് വിളിച്ചാല്‍ അപ്പോത്തന്നെ പോകേണ്ട കാര്യം മുസ്ലീംലീഗുകാരെ സംബന്ധിച്ചില്ല.'' അദ്ദേഹം വിമര്‍ശിച്ചു.

നേരത്തെ, കെഎന്‍എ ഖാദര്‍ ചെയ്തത് നീതീകരിക്കാന്‍ ആവില്ലെന്ന് ലീഗ് നേതാവ് എംകെ മുനീര്‍ പറഞ്ഞിരുന്നു. കെഎന്‍എ ഖാദര്‍ ചെയ്തത് മുസ്ലീം ലീഗ് നയത്തിന് എതിരാണെന്നും വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും എം കെ മുനീര്‍ പറഞ്ഞിരുന്നു.
ആര്‍എസ്എസ് ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ പരിപാടിയില്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ വിമര്‍ശനവുമായി കെഎന്‍എ ഖാദര്‍ രംഗത്ത് എത്തിയിരുന്നു. മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കാന്‍ ആണ് താന്‍ പരിപാടിയില്‍ പങ്കെടുത്തത് എന്നും ഒരു സാംസ്കാരിക പരിപാടിയാണ് എന്നുമായിരുന്നു പ്രതികരിച്ചത്. നാട്ടില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന സമയത്ത് എല്ലാ മതസ്ഥരും സ്നേഹവും ഐക്യവും പങ്കിടുന്നത് നല്ലതാ
ണ് എന്ന് കരുതി. അതിനെ തെറ്റായി ചിത്രീകരിച്ച് ദുഷ് പ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ല അദ്ദേഹം പറഞ്ഞു. കെ എന്‍ എ ഖാദര്‍ പ്രതികരിച്ചു.

കെഎന്‍എ ഖാദര്‍ പറഞ്ഞത്: 'പ്രിയപ്പെട്ട സഹോദരന്മാരെ സുഹൃത്തുക്കളെ, ചില സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും എനിക്ക എതിരെ ദുഷ്പ്രചരണങ്ങള്‍ നടക്കുന്നുണ്ട് എന്ന് ഇപ്പോള്‍ ഒരു സുഹൃത്ത് വിളിച്ചു പറയുകയുണ്ടായി. ഞാന്‍ ഇന്ന് കോഴിക്കോട് 'സ്നേഹ ബോധി' എന്നൊരു പരിപാടിക്ക് പോയിരുന്നു. സ്നേഹ ബോധി എന്നു പറഞ്ഞാല്‍ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ ശ്രീബുദ്ധന്റെ അഹിംസയും കാരുണ്യവും വ്യക്തമാക്കുന്ന ഒരു ശില്പം നിര്‍മ്മിച്ച് അതിന്റെ അനാഛാദനം നിര്‍വ്വഹിച്ചിരുന്നത് സിനിമാ സംവിധായകനും അഭിനേതാവുമായ രണ്‍ജി പണിക്കരാണ്.

അതില്‍ ഒരു ആശംസ പ്രാസംഗികന് ആയിരുന്നു ഞാന്‍. അതുപോലെ തന്നെ മാതൃഭൂമിയിലെ ആര്‍ടിസ്റ്റ് മദനന് ഉണ്ടായിരുന്നു. ആ പരിപാടിയില്‍ ഞാന്‍ പറഞ്ഞത് മത സൗഹാര്ദ്ദത്തെക്കുറിച്ചാണ് എല്ലാ മതങ്ങളേക്കുറിച്ചും നല്ലത് പറയുന്ന ഒരാളാണ് ഞാന്‍. ഒന്നും ഉണ്ടായിട്ടല്ല. നമ്മുടെ നാട്ടില്‍ സംഘര്‍ഷവും തമ്മില്‍ തമ്മില്‍ കലഹവും വര്‍ഗീയതയും വ്യാപിച്ച് വരുമ്പോള്‍ എല്ലാ മതസ്ഥരും തമ്മില്‍ നല്ല സ്നേഹവും ഐക്യവും വേണം എന്ന് വിചാരിച്ച്, അത് കുറച്ച് കാലമായി ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് ഞാനന്‍ അവിടെ പോയതാണ്. ഒരു സാംസ്കാരിക പരിപാടിയാണ്. അതിനേക്കുറിച്ച്, അത് വളരെ തെറ്റായ ഒരു സംഗതിയായി ചിത്രീകരിച്ചിട്ട് ദുഷ്പ്രചരണം നടത്തുന്നത് ശരിയല്ല.