എസ്ബിടി ഇനി ഓര്‍മ്മയില്‍! ഓണ്‍ലൈന്‍ ഇടപാടുകാര്‍ ശ്രദ്ധിക്കുക,നെറ്റ് ബാങ്കിംഗില്‍ മാറ്റം...
ഏപ്രില്‍ മുതല്‍ എല്ലാ ബ്രാഞ്ചുകളിലും എസ്ബിഐ ബോര്‍ഡുകളുയരും.
തിരുവനന്തപുരം: എസ്ബിടി-എസ്ബിഐ ലയനം പൂര്‍ത്തിയായതോടെ ഏപ്രില്‍ മുതല്‍ എസ്ബിടി ഓര്‍മ്മയിലേക്ക്. പതിറ്റാണ്ടുകളായി മലയാളികളുടെ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായിരിക്കും. ഏപ്രില്‍ മുതല്‍ എല്ലാ ബ്രാഞ്ചുകളിലും എസ്ബിഐ ബോര്‍ഡുകളുയരും.
എസ്ബിഐയില്‍ ലയിച്ചെങ്കിലും എസ്ബിടിയുടെ ശാഖകളൊന്നും ഉടന്‍ പൂട്ടില്ല. ജീവനക്കാരെയും മാറ്റില്ല. എസ്ബിടിയുടെ ചെക്ക് ബുക്കും പാസ് ബുക്കും തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ ജൂണ്‍ വരെ മാത്രമേ നിലവിലെ പാസ്ബുക്കും ചെക്ക് ബുക്കും ഉപയോഗിക്കാനാകൂ. എസ്ബിടിയുടെ 160 ശാഖകളുടെ പേരില്‍ അല്‍പം മാറ്റം വരുത്തും. ചില സ്ഥലങ്ങളില്‍ എസ്ബിഐ, എസ്ബിടി ശാഖകള്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടങ്ങളിലെ ശാഖകളുടെ പേരുകളിലാണ് മാറ്റംവരുത്തുന്നത്.

ഐഎഫ്എസ് സി കോഡ് മാറില്ല...
നിലവിലെ എസ്ബിടി ശാഖകളിലെ ഐ എഫ് എസ് സി കോഡുകളില്‍ മാറ്റംവരില്ല. സംസ്ഥാനത്ത് 888 എസ്ബിടി ശാഖകളാണുള്ളത്. എസ്ബിഐയ്ക്ക് 483 ശാഖകളുമുണ്ട്. എസ്ബിടി എസ്ബിഐയില്‍ ലയിച്ചതോടെ 1400ഓളം ശാഖകളുള്ള വിപുലമായ ബാങ്കിംഗ് ശൃഖലയായി എസ്ബിഐ മാറും.

ഉദ്യോഗസ്ഥര്‍ക്കും മാറ്റം...
നിലവിലെ എസ്ബിഐയുടെ കേരളത്തിലെ മേഖലാ ഓഫീസ് എസ്ബിടിയുടെ പൂജപ്പുരയിലെ ആസ്ഥാന മന്ദിരത്തിലേക്ക് മാറ്റും. ഈ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഓണ്‍ലൈന്‍ ഇടപാടുകാര്‍ ശ്രദ്ധിക്കുക...
എസ്ബിടി എസ്ബിഐയില്‍ ലയിക്കുന്നതോടെ നെറ്റ് ബാങ്കിംഗ് സൈറ്റില്‍ മാറ്റം വന്നിട്ടുണ്ട്. എസ്ബിടിയില്‍ അക്കൗണ്ടുള്ളവര്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടിനായി www.onlinesbi.com എന്ന വെബ്‌സൈറ്റാണ് ഉപയോഗിക്കേണ്ടത്.












Click it and Unblock the Notifications