റാങ്ക് ലിസ്റ്റ് നീട്ടൽ: ഹൈക്കോടതി വിധിക്കെതിരെ പി.എസ്.സിയുടെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്
ന്യൂഡൽഹി: റാങ്ക് ലിസ്റ്റുകളുടെ കാലാവധി 3 മാസം എങ്കിലും നീട്ടണം എന്ന ഹൈക്കോടതി വിധിക്കെതിരെ പി.എസ്.സി നൽകിയ ഹർജിയിൽ സുപ്രീം കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. റാങ്ക് ലിസ്റ്റ് നീട്ടാനുള്ള പി.എസ്.സിയുടെ അധികാരത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് ആരോപിച്ചാണ് ഹർജി ഫയൽ ചെയ്തത്. റാങ്ക് ലിസ്റ്റുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി നിർദേശിച്ചു.
കോവിഡ് സമയത്ത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കഴിയാതിരുന്നത് കണക്കിലെടുത്ത് 2021 ഫെബ്രുവരി അഞ്ചിനും ഓഗസ്റ്റ് മൂന്നിനും ഇടയിൽ കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളും ഓഗസ്റ്റ് 4 വരെ നീട്ടാൻ പി.എസ്.സി. തീരുമാനിച്ചിരുന്നു. എന്നാൽ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയപ്പോൾ ഓരോ റാങ്ക് പട്ടികയ്ക്കും കുറഞ്ഞത് മൂന്നു മാസം സമയം നീട്ടി നൽകണം ആയിരുന്നെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.

ഇക്കാലയളവിൽ കാലാവധി കഴിഞ്ഞ റാങ്ക് പട്ടികകൾക്ക് മൂന്നു മാസം കൂടി നീട്ടി നൽകിയതായി കണക്കാക്കണം എന്നും ആ സമയത്ത് റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ഹർജിക്കാരുടെ ക്ലെയിം പരിഗണിച്ച് രണ്ടു മാസത്തിനകം നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.
എന്നാൽ ഹൈക്കോടതിയുടെ ഈ നടപടി പി.എസ്.സി. ചട്ടങ്ങൾക്ക് വിരുദ്ധം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്. റാങ്ക് പട്ടിക നീട്ടാൻ കോടതിക്ക് അധികാരം ഇല്ലെന്ന് പി.എസ്.സിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വിപിൻ നായർ വാദിച്ചു. പഴയ ലിസ്റ്റ് വീണ്ടും നീട്ടിയാൽ അത് പുതിയ ഉദ്യോഗാർഥികൾക്ക് അവസരം നിഷേധിക്കുന്നതിന് തുല്യം ആണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. ഇതേ തുടർന്നാണ് പി.എസ്.സിയുടെ ഹർജിയിൽ ഉദ്യോഗാർഥികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
കോവിഡ് പരിഗണിച്ച് പി.എസ്.സി. അധിക കാലാവധി അനുവദിച്ചത് 490 റാങ്ക് പട്ടികകൾക്ക് ആണ്. ഒരു ദിവസം മുതൽ മൂന്നു മാസം വരെ അധികസമയം ലഭിച്ച പട്ടികകളുണ്ട്. 14 ജില്ലകളിലെയും ലാസ്റ്റ് ഗ്രേഡ് സെർവന്റ്, വനിതാ സിവിൽ പൊലീസ് ഓഫിസർ, എച്ച്എസ്ടി അറബിക്-കാസർകോട്, എച്ച്എസ്ടി നാച്ചുറൽ സയൻസ്-മലപ്പുറം, ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 പാലക്കാട്, അസി. സെയിൽസ്മാൻ-തൃശൂർ തുടങ്ങി വിവിധ ലിസ്റ്റുകൾ ഇതിൽപ്പെടും.












Click it and Unblock the Notifications