68 ലക്ഷം പുസ്തകങ്ങള്‍ റെഡി; 8 ലക്ഷം സൗജന്യ യൂണിഫോം എത്തുന്നു, ഉദ്ഘാടനം ഫെബ്രുവരി 13ന്
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകങ്ങളും യൂണിഫോമും വിതരണത്തിന് ഒരുങ്ങുന്നു. സംസ്ഥാനതല വിതരണ ഉദ്ഘാടനം ഫെബ്രുവരി 13ന് നടക്കും. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
പൊതുവിദ്യാഭ്യാസ രംഗം മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ത്വരിത നീക്കങ്ങള്‍ എന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സെപ്തംബറില്‍ തന്നെ പുസ്തക അച്ചടിക്കും യൂണിഫോം വിതരണത്തിനുമുള്ള നടപടികള്‍ തുടങ്ങിയിരുന്നു. 111 കോടി രൂപയുടെ ഭരണാനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. 51 ലക്ഷം പുസ്തകങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ വിതരണത്തിന് എത്തിച്ചുകഴിഞ്ഞു എന്നും മന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ കുറിപ്പ് വായിക്കാം: ''സ്‌കൂള്‍ അടയ്ക്കും മുമ്പേ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തക, യൂണിഫോം വിതരണത്തിന് തുടക്കമാകുന്നു. നമ്മുടെ കുട്ടികള്‍ക്കായി 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമും വിദ്യാലയങ്ങള്‍ അടയ്ക്കുന്നതിന് മുന്‍പ് തന്നെ എത്തിക്കുക എന്ന ലക്ഷ്യം സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുകയാണ്.
വരാനിരിക്കുന്ന അധ്യയന വര്‍ഷത്തെ ഒന്നാം വാല്യത്തിലേക്കായി ഏകദേശം 3.5 കോടി പുസ്തകങ്ങളാണ് ഇത്തവണ അച്ചടിക്കുന്നത്. ഇതില്‍ 68 ലക്ഷം പുസ്തകങ്ങളുടെ അച്ചടി ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു എന്ന സന്തോഷവാര്‍ത്ത നിങ്ങളെ അറിയിക്കുന്നു.
കൃത്യമായ ആസൂത്രണത്തിലൂടെ 2025 സെപ്റ്റംബര്‍ മാസം തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്, പേപ്പര്‍ വാങ്ങുന്നതിനായി 111 കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. നിലവില്‍ 51 ലക്ഷം പുസ്തകങ്ങള്‍ വിതരണത്തിനായി വിവിധ ഹബ്ബുകളില്‍ എത്തിച്ചുകഴിഞ്ഞു. കൂടാതെ, 8 ലക്ഷത്തിലധികം കുട്ടികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും സംസ്ഥാനതല വിതരണ ഉദ്ഘാടനം ഫെബ്രുവരി 13-ന് വൈകുന്നേരം 4.30-ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ വെച്ച് നിര്‍വഹിക്കും. പഠനം കൂടുതല്‍ സുഗമമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ മികവിന്റെ ഈ യാത്രയില്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.''












Click it and Unblock the Notifications