കാരിമറ്റം സര്‍ക്കാര്‍ എല്‍പി സ്കൂളിന് ഇനി സ്കൂള്‍ ബസ് സ്വന്തം
മൂവാറ്റുപുഴ: കാരിമറ്റം സര്‍ക്കാര്‍ എല്‍.പി.സ്കൂളിന് ഇനി സ്കൂള്‍ ബസ്സ് സ്വന്തം. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ച് ലക്ഷത്തോളം രൂപ മുതല്‍ മുടക്കിയാണ് സ്കൂളിന് ബസ് വാങ്ങിയത്. സ്കൂളിന് പുതിയ ബസ്സ് എത്തിയതോടെ വര്‍ഷങ്ങളായി പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് യാഥാര്ത്യമാകുന്നത്. സമീപ പ്രദേശങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളെല്ലാം തന്നെ ബസ്സുകളില്‍ കുട്ടികളെ കൊണ്ടുപോകുന്നതിനെ തുടര്‍ന്ന് കാരിമറ്റം സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ കുറവായിരുന്നു. കഴിഞ്ഞ അധ്യായന വര്‍ഷം 22-കുട്ടികാളായിരുന്നു സ്കൂളിലുണ്ടായിരുന്നത്.
ഇതില്‍ എട്ട് കുട്ടികളില്‍ ആറിലേയ്ക്ക് വിജയിക്കുകയും ടി.സി.വാങ്ങി പോകുകയും ചെയ്തതോടെ സ്കൂളില്‍ 14-കുട്ടികളാണുണ്ടായിരുന്നത്. അധ്യാപകരുടെയും, പി.ടി.എയുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് എല്‍ദോ എബ്രഹാം എം.എല്‍.എ തന്റെ നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാ ദീപ്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂള്‍ ബസ്സ് അനുവദിച്ചത്. ബസ്സ് സ്കൂളിലെത്തിയതോടെ ഈ അധ്യായന വര്‍ഷം സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ ഗണ്യമായ വര്‍ദ്ധനവാണുണ്ടായത്.
ഇതോടെ സ്കൂളില്‍ ഈ അധ്യായന വര്‍ഷം 50-ഓളം കുട്ടികളുണ്ട്. സ്കൂളിനനുവദിച്ച ബസ്സിന്റെ ഫ്ളാഗോഫ് എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.ഇ.ബീന മോള്, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് ത്രേസ്യാമ തോമസ്, പി.ടി.എ വൈസ്പ്രസിഡന്റ് ബീന അജി, എം.പി.ടി.എ ചെയര്‍പേഴ്സണ്‍ സിനി സുരേഷ്, വൈസ്ചെയര്‍പേഴ്സണ്‍ മജ്ഞു ഷിജു, സ്കൂള്‍ സംരക്ഷണ സമിതി പ്രസിഡന്റ് എം.എസ്.ഭാസ്കരന് നായര്‍ എന്നിവര്‍ സംസാരിച്ചു.