കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;പരീക്ഷകളിൽ മാറ്റമില്ല
മഴ തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. സര്‍വകലാശാല പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.

വയനാടും അവധി
ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.
റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല.
മലപ്പുറത്തും നാളെ അവധി പ്രഖ്യാപിച്ചു
ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (അവധി ആയിരിക്കും.അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. യൂണിവേഴ്സിറ്റി പരീക്ഷകൾ, പി.എസ്.സി. പരീക്ഷകൾ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. നഷ്ടപ്പെട്ട പ്രവൃത്തി ദിനം പിന്നീട് നികത്തുന്നതിനുള്ള നടപടികൾ സ്ഥാപന മേധാവികൾ സ്വീകരിക്കേണ്ടതാണ്. ജനങ്ങൾ പ്രത്യേകം ജാഗ്രത പുലർത്തേണ്ടതാണെന്നും കളക്ടർ അറിയിച്ചു.
മലബാറിൽ കനത്ത മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്, ഉരുൾപൊട്ടലിനും മിന്നൽ പ്രളയത്തിനും സാധ്യത
കോഴിക്കോട്: വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്.
കുറഞ്ഞ സമയം കൊണ്ട് വലിയ അളവിൽ മഴ പെയ്യുന്ന രീതിയാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ഇത്തരം അതിതീവ്ര മഴ വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയേറെയാണ്. അപകട സാധ്യത മുന്നിൽക്കണ്ട് പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.


Click it and Unblock the Notifications