ആലപ്പുഴ ജില്ലയില്‍ നാളെ അവധി; സ്‌കൂളുകളും സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിക്കില്ല
ആലപ്പുഴ ജില്ലയില്‍ നാളെ പ്രാദേശിക അവധി. മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവവും പരുമല പള്ളി പെരുന്നാളും പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ രണ്ടിനാണ് മണ്ണാറശ്ശാലയിലെ പ്രസിദ്ധമായ ആയില്യം മഹോത്സവവും പരുമല പള്ളി പെരുന്നാളും നടക്കുന്നത്.
ഇരു തീര്‍ഥാടന കേന്ദ്രങ്ങളിലെയും പ്രധാന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി ഭക്തര്‍ എത്തിച്ചേരാറുണ്ട്. ഇത് പരിഗണിച്ചാണ് ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. അതേസമയം, നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. പരീക്ഷകള്‍ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ നടക്കും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

മണ്ണാറശ്ശാല ആയില്യം
ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് മണ്ണാറശ്ശാല ആയില്യം. നാഗദേവതകളുമായി ബന്ധപ്പെട്ട അനുഷ്ഠാനമാണിത്. എല്ലാ മലയാള മാസത്തിലും വരുന്ന ആയില്യം നാള്‍ നാഗദേവതകള്‍ക്കു പ്രധാനമാണ്. തുലാ മാസത്തിലെ ആയില്യം ആണ് മണ്ണാറശാല ആയില്യം എന്ന് അറിയപ്പെടുന്നത്. വിശ്വാസികള്‍ അന്നേദിവസം വ്രതം അനുഷ്ഠിച്ചു ആയില്യപൂജ തൊഴുകയും നൂറും പാലും വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യും.
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലാണ് ആയില്യം മഹോത്സവം ഏറ്റവും വിപലുമായി കൊണ്ടാടുന്നത്. കേരളത്തിലെ മറ്റ് നാഗക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി, മണ്ണാറശാല ഇല്ലത്തെ മുതിര്‍ന്ന അന്തര്‍ജ്ജനമായ 'വലിയമ്മ' ആണ് മുഖ്യ പൂജാരിയും കാര്‍മികത്വം വഹിക്കുന്നതും. നാഗരാജാവിന്റെ അമ്മയുടെ സങ്കല്‍പ്പത്തിലാണ് വലിയമ്മയെ കാണുന്നത്.
പരുമല പള്ളി പെരുന്നാള്‍
പരുമല സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മലങ്കര സഭയുടെ ആദ്യ പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട പരുമല തിരുമേനിയുടെ (വിശുദ്ധ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ്) 124-ാം ഓര്‍മപ്പെരുന്നാള്‍ ആണ് പരുമല പള്ളി പെരുന്നാള്‍ ആയി ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെയാണ് പെരുന്നാള്‍ ആഘോഷിച്ച് വരുന്നത്.
നാളെ പള്ളി പെരുന്നാളിന്റെ സമാപന ദിവസമാണ്. പെരുന്നാളിന്റെ പ്രധാന ദിവസമണ് നാളെ. തിങ്കള്‍ പുലര്‍ച്ചെ 3ന് പള്ളിയില്‍ കുര്‍ബാന, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പൊലീത്ത നേതൃത്വം നല്‍കും. രാവിലെ 6.15ന് ചാപ്പലില്‍ കുര്‍ബാന ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്താ. രാവിലെ 7.30ന് പ്രഭാതനമസ്‌ക്കാരത്തെ തുടര്‍ന്ന് മൂന്നിന്‍മേല്‍ കുര്‍ബാന. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകീട്ട് കൊടിയിറക്കോടെ ഓര്‍മപ്പെരുന്നാളിന് സമാപനമാകും.


Click it and Unblock the Notifications
