സ്‌കൂള്‍ അവധി രണ്ട് ജില്ലകളില്‍; വീട്ടിലിരുന്ന് പാഠഭാഗങ്ങള്‍ വായിക്കൂ എന്ന് കളക്ടര്‍, പരീക്ഷ നടക്കും
കേരളത്തില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പലയിടങ്ങളിലും വെള്ളം കയറി. ദേശീയപാതയില്‍ ചില ഭാഗത്ത് മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ വടക്കന്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്.
അതേസമയം, ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. ഒറ്റപ്പെട്ട സ്ഥലങ്ങൡ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. രണ്ട് ജില്ലകളില്‍ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ പൂര്‍ണമായും ആലപ്പുഴ ജില്ലയില്‍ ഭാഗികമായിട്ടുമാണ് അവധി.

കാസര്‍ഗോഡ് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട് എന്ന് കളക്ടര്‍ അറിയിച്ചു. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും ദേശീയപാതയിലെ ചില ഭാഗങ്ങളില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ജനസുരക്ഷയെ മുന്‍നിര്‍ത്തിയാണ് ജൂണ്‍ 17, ചൊവ്വാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കാസര്‍കോട് ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) മുമ്പ് നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.
അതേസമയം, ആലപ്പുഴ ജില്ലയില്‍ ഭാഗിക അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കുട്ടനാട് താലൂക്കിലെ സ്‌കൂളുകളിലും വഴികളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. അവധിയാണെന്ന് കരുതി വെള്ളത്തിലിറങ്ങരുത് എന്ന് കളക്ടര്‍ വിദ്യാര്‍ഥികളെ ഉപദേശിച്ചു. കളക്ടറുടെ അറിയിപ്പ് വായിക്കാം...
പ്രിയപ്പെട്ട കുട്ടികളെ,
കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും നാളെ ( ജൂണ്‍ 17) അവധിയാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. അവധിയെന്ന് കരുതി വെള്ളത്തിലിറങ്ങാന്‍ ഒന്നും നില്‍ക്കരുത്. അവധിയാണ്, വീട്ടിലിരുന്ന് പാഠഭാഗങ്ങള്‍ വായിച്ച് നോക്കണം കേട്ടോ.












Click it and Unblock the Notifications