നാളെ ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജില്ലാ കളക്ടർ
ബീമാപള്ളി ദര്‍ഗ്ഗാ ശരീഫിലെ വാര്‍ഷിക ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ നാളെ (ശനി-22ന്) പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ തിരുവനന്തപുരം ജില്ലാ കളക്ടർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. അതേസമയം മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
ബീമാപള്ളി ഉറൂസ് നവംബര്‍ 22 മുതല്‍ ഡിസംബര്‍ 2 വരെ
ബീമാ പള്ളി ഉറൂസിനായി വനിതാ പോലീസുകാരടക്കം കൂടുതൽ പോലീസ് സേനയെ വിന്യസിക്കും.
ബീമാപള്ളി ഉറൂസുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ്തീരുമാനം.

വൈദ്യുതി സംവിധാനം വിപുലപ്പെടുത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ നിർദേശിച്ചു. പള്ളി പരിസരങ്ങളിൽ വിപുലമായ സിസിടിവി സംവിധാനം ക്രമീകരിക്കുന്നതിനും ഇവ പോലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തും. വാട്ടർ ടാങ്ക്, മൊബൈൽ ടോയ്ലറ്റ് തുടങ്ങിയവ പ്രത്യേകമായി സജ്ജീകരിക്കും. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കും. ഉറൂസ് ദിവസങ്ങളിൽ ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീമിനെ വിന്യസിക്കും. കെ എസ് ആർ ടി സി സ്പഷ്യൽ സർവ്വീസുകളും ഭക്തരുടെ തിരക്കനുസരിച്ച് അഡീഷണൽ സർവീസുകളും നടത്തും.
ഒരു യൂണിറ്റ് ഫയർ ആന്റ് റസ്ക്യൂ സർവ്വീസ് സജ്ജമാക്കും. പുകയില ഉത്പന്നങ്ങൾ പിടികൂടുന്നതിനും അബ്കാരി കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും എക്സൈസിന്റെ നേതൃത്വത്തിൽ മുഴുവൻ സമയ നിരീക്ഷണം ശക്തമാക്കും. ബീമാപള്ളിയിൽ ചേർന്ന യോഗത്തിൽ എഡിഎം വിനീത് ടി കെ, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, ബീമാപള്ളി മുസ്ലീം ജമാഅത്ത് ഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ബീമ പള്ളി ഉറൂസ്
കേരളത്തിലെ ശ്രദ്ധേയമായ മുസ്‌ലിം ആഘോഷങ്ങളിലൊന്നാണ് ബീമാപള്ളി ഉറൂസ് എന്നറിയപ്പെടുന്ന ബീമാപള്ളി ചന്ദനക്കുടം മഹോത്സവം. തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ ബീമാപള്ളി ദർഗ്ഗ ഷെരീഫിൽ വർഷം തോറും നടക്കുന്ന ഈ ആഘോഷം, നൂറ്റാണ്ടുകൾക്ക് മുമ്പ് അറേബ്യയിൽ നിന്ന് കേരള തീരത്തെത്തി താമസിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന സയ്യിദുന്നിസ ബീമാ ബീവി (ബീമാ ഉമ്മ) എന്ന വിശുദ്ധയുടെയും അവരുടെ മകൻ സയ്യിദ് ശുഹദാ മാഹീൻ അബൂബക്കറിന്റെയും ചരമവാർഷികത്തോടനുബന്ധിച്ചാണ് നടക്കുന്നത്.
ഉറൂസിന്റെ പ്രധാന ആകർഷണം ഗംഭീരമായ ചന്ദനക്കുടം ചടങ്ങാണ്. ആയിരക്കണക്കിന് ഭക്തർ, പ്രത്യേകിച്ച് വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ച സ്ത്രീകൾ, പണം നിറച്ച് ചന്ദനം പൂശിയ മൺകുടങ്ങൾ (കുടങ്ങൾ) തലയിലേന്തി നീണ്ട ഘോഷയാത്രയായി എത്തും. പരമ്പരാഗത വാദ്യമേളങ്ങൾ, അറബി സംഗീതം എന്നിവ ഈ ഘോഷയാത്രയ്ക്ക് അകമ്പടിയാകുന്നു.
ഈ കുടങ്ങൾ പ്രാർത്ഥനകളോടെ ബീമാ ബീവിയുടെയും മകന്റെയും കബറിടങ്ങളിൽ സമർപ്പിക്കുന്നു. ചന്ദനം, മുല്ലപ്പൂമാലകൾ, സുഗന്ധധൂപം എന്നിവയുടെ ഗന്ധം അന്തരീക്ഷത്തിൽ നിറയും. ഖുർആൻ പാരായണങ്ങൾ, രാത്രികാല പ്രാർത്ഥനകൾ (ഫാത്തിഹ), ഇസ്‌ലാമിക പണ്ഡിതന്മാരുടെ പ്രഭാഷണങ്ങൾ, എന്നിവയെല്ലാം ഈ ദിവസങ്ങളിൽ നടക്കും.












Click it and Unblock the Notifications