നാളെ സ്കൂള്‍ അവധി: വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് ആലപ്പുഴയില്‍ നാളെയും അവധി
ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് നാളെ ആലപ്പുഴ ജില്ലക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കും. നാളെ വൈകീട്ട് മൂന്ന് മണിക്ക് പുന്നപ്രയിലെ വലിയ ചുടുകാട്ടിലാണ് വിഎസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്.
വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്ഥാനത്താകെ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്കാരം നടക്കുന്ന ആലപ്പുഴയില്‍ നാളെയും അവധി അനുവദിച്ചിരിക്കുന്നത്. ഇന്ന് നടത്താനിരുന്ന എംജി സർവ്വകലാശാലാ, കേരള സർവ്വകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും നടക്കുകയാണ്. ഈ കാലയളവില്‍ സംസ്ഥാനമാകെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ബുധനാഴ്ച്ച രാവിലെ 11 മണി മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ബഹു.ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗം ചേർന്നിരുന്നു.
ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് കൊണ്ടുവരുന്ന ഭൗതികദേഹം രാത്രി 9 മണിയോടുകൂടി ആലപ്പുഴയിലെ സ്വവസതിയില്‍ എത്തിക്കും. ബുധനാഴ്ച്ച രാവിലെ 9 മണിവരെ സ്വവസതിയിലും തുടര്‍ന്ന് 10 മണിയോടെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും. ശേഷം 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. പൊതുദര്‍ശനത്തിന് ശേഷം നാല് മണിയോടെയാവും വലിയ ചുടുകാടില്‍ ഔദ്യോഗിക ചടങ്ങുകളോടെയുള്ള സംസ്‌കാരം.
പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് ആലപ്പുഴ ബീച്ചില്‍ നിയന്ത്രണവും നഗരത്തില്‍ ഗതാഗതക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വി എസ് അച്യുതാനന്ദൻ്റെ ഭൗതിക ദേഹവും വഹിച്ചുള്ള വിലാപയാത്ര ജില്ലയിൽ പ്രവേശിക്കുമ്പോൾ ആദരവ് നൽകുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി .
തുടർന്ന് ജനങ്ങൾക്ക് വിവിധ ഇടങ്ങളിൽ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണുന്നതിനുള്ള അവസരം ഒരുക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എട്ട് സ്ഥലങ്ങൾ ഇതിനായി നിശ്ചയിച്ചിട്ടുണ്ട്. ഓച്ചിറ അമ്പലത്തിന് കിഴക്കുവശം വെച്ചാണ് സ്വീകരിക്കുക. തുടർന്ന് കെ പി എ സി, ജി ഡി എം ഹാൾ, കരീലകുളങ്ങര, നങ്ങ്യാർകുളങ്ങര, ഹരിപ്പാട്, തോട്ടപ്പള്ളി, ടി.ഡി മെഡിക്കൽ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിലും ആദരവർപ്പിക്കാം. തുടർന്നായിരിക്കും വിഎസിന്റെ വീട്ടിലേക്ക് ഭൗതിക ശരീരം എത്തിക്കുക.












Click it and Unblock the Notifications