കോഴിക്കോട് അവധി ഇല്ല എന്ന് പറഞ്ഞ് പെങ്ങളെ പിള്ളേര് അലമ്പാക്കുന്നുണ്ട്; മലപ്പുറം അവധിക്ക് കമന്റുകള്‍
മലപ്പുറം: കനത്ത മഴ പെയ്യുമെന്ന് സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ 9 ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി നല്‍കുന്നത് എന്ന് മലപ്പുറം കളക്ടര്‍ ഫേസ്ബുക്കില്‍ അറിയിച്ചു.
മൂന്ന് ദിവസം ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഈ മാസം 17 വരെ മലപ്പുറം ജില്ലയില്‍ റെഡ് അലേര്‍ട്ടാണ്. അതിതീവ്ര മഴ തുടരുന്നതിനാലാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുള്ളത് എന്ന് കളക്ടര്‍ അറിയിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എന്നാല്‍ പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമല്ല.

മലപ്പുറം ജില്ലാ കളക്ടറുടെ അറിയിപ്പ് ഇങ്ങനെയാണ്-
റെഡ് അലര്‍ട്ട്: മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ (ജൂണ്‍ 16) അവധി
അതിതീവ്ര മഴ തുടരുന്നതിനാലും ജൂണ്‍ 16ന് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂണ്‍ 16 ന്) ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അവധി പ്രഖ്യാപിച്ചു. മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍ എന്നിവക്കും അവധി ബാധകമാണ്. പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ല.
അതേസമയം, കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ ഒട്ടേറെ കമന്റുകളാണ് അവധി പോസ്റ്റിന് താഴെ വരുന്നത്. പലരും കളക്ടര്‍ക്ക് നന്ദി അറിയിച്ചിട്ടുണ്ട്. അവധി നല്‍കിയാലെങ്കിലും മഴ നില്‍ക്കുമല്ലോ എന്നാണ് ഒരാളുടെ കമന്റ്. കോഴിക്കോട് അവധി ഇല്ല എന്ന് പറഞ്ഞ് പെങ്ങളെ പിള്ളേര്‍ അലമ്പ് ആക്കുന്നുണ്ട്. സാര്‍ പറ്റിയാല്‍ അതുംകൂടെ ഒന്ന് ഡീല്‍ ആക്കണം എന്നാണ് മറ്റൊരു രസകരമായ കമന്റ്.
അപ്പോ കോഴിക്കോട് പെയ്യുന്നത് മഴ അല്ലേ സാറേ, കളക്ടര്‍ ചെയ്യേണ്ടത് ചെയ്തു ഇനി മാതാപിതാക്കള്‍ നോക്കണം കുട്ടികള്‍ കായലിലും കുളത്തിലും പോയി അവധി ആഘോഷിക്കുമ്പോള്‍ അപകടം വരാതെ നോക്കണം എന്ന ഉപദേശവും ചിലര്‍ നല്‍കുന്നു. ഇനി കോഴിക്കോടിന്റെ കാര്യമാണ് അറിയേണ്ടത് എന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്.
എറണാകുളം, ഇടുക്കി, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പിന്നീട് ജില്ലാ ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ മാത്രമാണ് അവധി. എന്നാല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.












Click it and Unblock the Notifications