'യുവജനോത്സവത്തിന് ഞാന്‍ തന്നെ വരണം എന്ന് മന്ത്രി, കാരണം ഞാനിപ്പോഴും യുവാവാണത്രേ'; മമ്മൂട്ടി
കൊല്ലം: യാതൊരു വിവേചനവുമില്ലാതെ കേരളത്തിലെ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന വേദിയാണ് സ്‌കൂള്‍ കലോത്സവങ്ങള്‍ എന്ന് നടന്‍ മമ്മൂട്ടി. 62-ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തില്‍ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും കലാലോകത്ത് അവസരങ്ങള്‍ ഒരുപോലെയാണ് എന്നും മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്..
'സ്‌കൂള്‍ യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിന് എന്നെ ക്ഷണിച്ചപ്പോള്‍ ഇതൊരു യുവജനോത്സവമാണ് എന്നെ പോലെ ഉള്ള ഒരാള്‍ക്ക് ഈ യുവജനങ്ങള്‍ക്കിടയില്‍ എന്ത് കാര്യമെന്ന് ഞാന്‍ ആലോചിച്ചു. മിനിസ്റ്റര്‍ നിര്‍ബന്ധിച്ച് പറഞ്ഞു നിങ്ങളാണ് ഈ പരിപാടിക്ക് പറ്റിയ യോഗ്യനായ ആള്‍. അതിന് മിനിസ്റ്റര്‍ കണ്ടുപിടിച്ചത് ഞാനിപ്പോഴും യുവാവാണ് എന്നാണ്. പക്ഷെ അത് കാഴ്ചയിലെ ഉള്ളൂ കേട്ടോ. വയസ് പത്ത് തൊണ്ണൂറായി.

ഏതായാലും ഞാന്‍ വരാം എന്നുള്ള കാര്യം തീരുമാനിച്ചപ്പോഴാണ് ഒരു വീഡിയോ കാണുന്നത്. മമ്മൂട്ടിക്ക് ഏത് ഡ്രെസിട്ടിട്ടായിരിക്കും ഈ പരിപാടിക്ക് വരിക എന്നുള്ളത്. ഞാനേതായാലും അതിന് മുന്‍പ് ഒരു പാന്റൊക്കെ വെച്ച് അത്യാവശ്യം യുവാവാകണമല്ലോ. ഒരു ഷര്‍ട്ടും വേണമെങ്കില്‍ ഒരു കൂളിംഗ് ഗ്ലാസും വെക്കാം എന്നുള്ള ധാരണയില്‍ എല്ലാ റെഡിയാക്കി വെച്ചപ്പോഴാണ് ഞാന്‍ ഈ വീഡിയോ കാണുന്നത്.
അവരൊക്കെ പ്രതീക്ഷിക്കുന്നത് ഒരു മുണ്ടും വെള്ള ഷര്‍ട്ടുമൊക്കെയിട്ടാണ് എന്നെ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഇങ്ങനെ വന്നു. രാവിലെ ഞാന്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കൂട്ടത്തില്‍ ഒരു വെള്ള ഷര്‍ട്ട് കൂടി എടുത്തുവെച്ചു, ഒരു മുണ്ടും. നിങ്ങളുടെ എല്ലാവരുടേയും പ്രതീക്ഷക്കൊത്ത് അണിഞ്ഞൊരുങ്ങാന്‍ മാത്രമെ എനിക്ക് സാധിച്ചിട്ടുള്ളൂ. ഇത്രയും വലിയ ജനക്കൂട്ടം കാണുമ്പോള്‍ എനിക്ക് വലിയ പരിഭ്രമമുണ്ട്.
ഒന്ന് ഞാന്‍ നിങ്ങളെ എല്ലാവരേയും സന്തോഷിപ്പിക്കണം എന്റെ വാക്കുകളിലൂടെ. രണ്ട് മഴ നമ്മുടെ മുന്നിലിങ്ങനെ ഇരുണ്ട് കൂടിയിരിപ്പുണ്ട്. ഈ ജനങ്ങള്‍ മഴ വരുമ്പോള്‍ അങ്കലാപ്പായി അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള പേടി എനിക്കുണ്ട്. അതുകൊണ്ട് ഞാന്‍ ഒരുപാട് നേരം സംസാരിച്ച് നിങ്ങളെ ഇവിടെ നിര്‍ത്തി മഴ കൊള്ളിക്കാന്‍ ആഗ്രഹിക്കുന്നില്ല.
ഞാന്‍ പഠിച്ച കാലത്തെ സ്‌കൂള്‍ അല്ല. എനിക്ക് പത്താം ക്ലാസ് വരെയെ സ്‌കൂള്‍ ഉള്ളൂ. ഇപ്പോള്‍ 12-ാം ക്ലാസ് വരെ സ്‌കൂള്‍ ഉണ്ട്. ഇവരുടെ കലാപരിപാടികളാണ് ഇവിടെ അരങ്ങേറിയത്. അതില്‍ ഒരുപാട് വിജയിക്കുകയും ചെയ്തു. ചിലരെല്ലാം വിജയിക്കാതിരിക്കുകയും ചെയ്തു. കലാപരിപാടികളിലെ വിജയപരാജയങ്ങള്‍ ഒരിക്കലും നമ്മുടെ കലാപ്രവര്‍ത്തനത്തെ ബാധിക്കരുത്. ഇവിടത്തെ പ്രകടനം ഒരു കലാപ്രകടനം മാത്രമാണ്.
ആ ഒരു പ്രകടനത്തില്‍ നമ്മുടെ ജയപരാജയങ്ങള്‍ മറ്റുള്ളവര്‍ക്ക് വിലയിരുത്താന്‍ സാധിച്ചില്ല എങ്കില്‍ കൂടി നമ്മുടെ കലാപരമായ കഴിവുകള്‍ക്ക് ഒരു കോട്ടവും സംഭവിക്കാന്‍ പോകുന്നില്ല. കാലാകാലങ്ങളായി ഞാന്‍ പറഞ്ഞത് പോലെ തേച്ച് മിനുക്കി വളര്‍ത്തിയെടുത്ത് നമ്മള്‍ വീണ്ടും വലിയ കലാകാരന്‍മാരായി മാറണം. മത്സരത്തില്‍ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും കലാലോകത്ത് അവസരങ്ങള്‍ ഒരുപോലെയാണ്.
ഒരു യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ പോലും പങ്കെടുക്കാന്‍ പോലും സാധിക്കാത്ത എനിക്ക് നിങ്ങളുടെ മുന്നില്‍ വന്ന് സംസാരിക്കാന്‍ അര്‍ഹത നേടിയെങ്കില്‍ ഈ കലാപരിപാടിയില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും ഒരുപോലെ ഒരുപാട് അവസരങ്ങള്‍ ഉണ്ടാകും. ഇവിടത്തെ കലാരൂപങ്ങള്‍ വലിയ മാതൃകകളാണ്. ഇവിടെ ക്ഷേത്രകലകളും മാപ്പിളപ്പാട്ടും ഉണ്ട്. കേരളത്തിലുള്ള എല്ലാ തരത്തിലുള്ള മത്സരങ്ങളും ഒരു വിവേചനവുമില്ലാതെ ഇവിടെ അവതരിപ്പിക്കപ്പെടുന്നു.'












Click it and Unblock the Notifications