തിങ്കള്‍ പ്രവേശനോത്സവം: ഇന്ന് സ്കൂള്‍ അവധിയോ? വോട്ടെണ്ണല്‍ ദിനത്തില്‍ അവധി നല്‍കാറുണ്ടോ?
കൊച്ചി: രണ്ട് മാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എന്നിവരും മറ്റു ജനപ്രതിനിധികളും വിശിഷ്ടാതിഥികളായി പങ്കെടുക്കും.
പ്രവേശനോത്സവത്തിനായി സ്കൂളുകള്‍ ഇന്നലെ തന്നെ അണിഞ്ഞൊരുങ്ങി കഴിഞ്ഞു. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ നേരത്തെ തന്നെ വൃത്തിയാക്കിയിരുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി പതിവ് പോലെ വിവിധ കലാപരിപാടികളാണ് എല്ലാ വിദ്യാലയങ്ങളിലും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയിരിക്കുന്നത്. ഈ വർഷം മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ.

വിവിധ മാറ്റങ്ങളോടെയാണ് പുതിയ അധ്യയന വർഷം തുടങ്ങാന്‍ പോകുന്നത്. പത്ത് വർഷത്തിന് ശേഷമുള്ള പാഠപുസ്തക മാറ്റമാണ് പ്രധാനപ്പെട്ടത്. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച എസ് എസ് എല്‍ സി പരീക്ഷയിലെ മാറ്റവും ഈ വർഷം ഉണ്ടായേക്കാം.
അതേസമയം, എളമക്കരയില്‍ നടക്കുന്ന പ്രവേശനോത്സവത്തില്‍ രാവിലെ 9 ന് മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിക്കും. തുടര്‍ന്ന് പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്‌ക്കാരം നടക്കും.
ടി. ജെ. വിനോദ് എം.എല്‍.എ, ഹൈബി ഈഡന്‍ എം.പി, മേയര്‍ അഡ്വ.എം അനില്‍കുമാര്‍, എം.പിമാരായ ജെബി മേത്തര്‍, തോമസ് ചാഴിക്കാടന്‍, എം.എല്‍.എമാരായ ആന്റണി ജോണ്‍, അനൂപ് ജേക്കബ്, കെ. ബാബു, കെ.ജെ. മാക്സി, മാത്യു കുഴല്‍ നാടന്‍, പി.വി. ശ്രീനിജിന്‍, ഉമ തോമസ്, കെ.എന്‍. ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എ. ശ്രീജിത്ത്, ഡിവിഷന്‍ കൗണ്‍സിലര്‍ സീന ഗോകുലന്‍, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ആര്‍. കെ. ജയപ്രകാശ്, കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത്, സമഗ്രശിക്ഷാ കേരളം സംസ്ഥാന പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയ, എസ് ഐ ഇ റ്റി ഡയറക്ടര്‍ ബി അബുരാജ് തുടങ്ങിയ നിരവധി പേർ പങ്കെടുക്കും.
നാളെ സ്കൂള്‍ അവധി ?
അതേസമയം തന്നെ, ലോക്സസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച സ്കൂള്‍ അവധിയെന്ന പ്രചരണവും ചില കോണുകളില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത് സത്യമല്ല. വോട്ടെണ്ണല്‍ ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൊത്തത്തില്‍ അവധി പ്രഖ്യാപിക്കാറില്ല. വോട്ടെണ്ണല്‍ കേന്ദ്രമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. അതിന് പുറമെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാത്ത തരത്തിലുള്ള ഏതെങ്കിലും അവധി പ്രഖ്യാപനമുണ്ടെങ്കില്‍ ഔദ്യോഗികമായി തന്നെ അത് അറിയിക്കും. നിലവില്‍ അത്തരത്തില്‍ ഒരു അവധി പ്രഖ്യാപനവും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.












Click it and Unblock the Notifications