മലപ്പുറത്തും ബ്ലൂവെയ്ൽ ആത്മഹത്യ? ഒമ്പതാം ക്ലാസ് വിദ്യാർത്ഥി തൊട്ടിലിന്റെ കയറിൽ തൂങ്ങി മരിച്ചു...
സിയാൻ മൊബൈൽ ഫോൺ ഗെയിമിന് അടിമയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
മലപ്പുറം: താനാളൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മദ് സിയാൻ എന്ന പതിനാലുകാരനാണ് തൊട്ടിലിന്റെ കയറിൽ തൂങ്ങിമരിച്ചത്.
എടരിക്കോട് പികെഎംഎം ഹയർസെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ സിയാൻ, മൊബൈൽ ഫോൺ ഗെയിമിന് അടിമയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ബ്ലൂവെയ്ൽ ഗെയിം കളിച്ചതാണ് വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയതെന്നും ബന്ധുക്കൾക്ക് സംശയമുണ്ട്.

വേങ്ങര ചേറൂർ സ്വദേശിയാണ് സിയാന്റെ പിതാവ്. എടരിക്കോട് സ്കൂളിൽ പഠിക്കുന്നതിനാൽ താനാളൂരിലെ മാതാവിന്റെ വീട്ടിലാണ് സിയാൻ താമസിച്ചിരുന്നത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് എടരിക്കോട് പികെഎംഎം ഹയർസെക്കന്റി സ്കൂളിന് ചൊവ്വാഴ്ച അവധി നൽകി.
ബ്ലൂവെയ്ൽ ഗെയിം സംസ്ഥാനത്ത് വ്യാപകമായി പ്രചരിക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കണ്ണൂരിലും തിരുവനന്തപുരത്തും വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവം ബ്ലൂവെയ്ൽ ഗെയിം കാരണമാണെന്നും സംശയമുണർന്നു. മലപ്പുറത്തെ സിയാന്റെ ആത്മഹത്യക്ക് പിന്നിലും ബ്ലൂവെയ്ൽ ഗെയിമാണെന്നാണ് ബന്ധുക്കളുടെ സംശയം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.












Click it and Unblock the Notifications