സ്‌കൂള്‍ സമയമാറ്റം; സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് സമസ്ത, കണ്‍വെന്‍ഷന്‍ കോഴിക്കോട്
കോഴിക്കോട്: സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമരം പ്രഖ്യാപിച്ചു. ജൂലൈ പത്തിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ കണ്‍വെന്‍ഷന്‍ നടക്കും. സമരത്തിന്റെ ആദ്യ പടിയായിട്ടാണ് കണ്‍വെന്‍ഷന്‍. സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കും.
രാവിലെയും വൈകീട്ടും 15 മിനുട്ട് വീതം അധികമായി ചേര്‍ത്താണ് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. രാവിലെയുള്ള മാറ്റം മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് സമസ്ത ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ പുനഃപരിശോധന വേണം എന്ന് സമസ്ത നേരത്തെ ആവശ്യപ്പെട്ടിരുന്നു എങ്കിലും ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാതെ സമയമാറ്റവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതാണ് സമസ്തയുടെ പ്രതിഷേധത്തിന് കാരണം.

സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം എന്ന് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. 10000ത്തില്‍ അധികം മദ്രസകള്‍ സമസ്തയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ സകൂള്‍ സമയമാറ്റം സൂചിപ്പിച്ച സമയത്തുതന്നെ സമസ്ത എതിര്‍പ്പ് അറിയിച്ചിരുന്നു. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തില്‍ എടുത്തില്ല എന്ന് മാത്രമല്ല, അധിക്ഷേപകരമായി ഉത്തരവാദപ്പെട്ടവര്‍ പ്രതികരിക്കുന്നു എന്നും സമസ്ത നേതാക്കള്‍ സൂചിപ്പിക്കുന്നു. മദ്രസകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. തീരുമാനം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണ് എന്ന അഭിപ്രായമാണ് സമസ്തയ്ക്ക്.
സമസ്ത എതിര്‍പ്പ് അറിയിച്ചിട്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഏകപക്ഷീയമായി സ്‌കൂള്‍ സമയ മാറ്റ തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു. ഇത് അംഗീകരിക്കില്ല. പുനരാലോചന വേണം. കോഴിക്കോട് നടക്കുന്ന സംഗമത്തില്‍ സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഏറെ കാലത്തിന് ശേഷമാണ് സമസ്ത പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി മുന്നോട്ട് വരുന്നത്. നേരത്തെ പല ഘട്ടത്തിലും ഭിന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചര്‍ച്ച ചെയ്ത് സമവായത്തില്‍ എത്തുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സമസ്തയുടെ നീക്കം സിപിഎമ്മിന് തിരിച്ചടിയായേക്കും. സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.












Click it and Unblock the Notifications