'സ്‌കൂള്‍ സമയം 8 മണിയാക്കണം, ഒരു മണിക്ക് ശേഷം കുട്ടികള്‍ കളിക്കാന്‍ പോട്ടെ'; എഎന്‍ ഷംസീര്‍
സ്‌കൂള്‍ സമയ മാറ്റം അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. കോടതി നിര്‍ദേശ പ്രകാരം അര മണിക്കൂര്‍ കൂടി സ്‌കൂള്‍ സമയം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാവിലെയും വൈകീട്ടും 15 മിനുട്ട് വീതം അധികമെടുത്താണ് ഇക്കാര്യത്തില്‍ സമയം കണ്ടെത്തിയത്. ഈ വേളയില്‍ സമസ്ത സുന്നി വിഭാഗം എതിര്‍പ്പുമായി രംഗത്തുവന്നു. മദ്രസ വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന നീക്കമാണിത് എന്ന് അവര്‍ ആരോപിച്ചു.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിഷയത്തില്‍ നടത്തിയ അനുചിതമായ പ്രതികരണം വിവാദമായി. തുടര്‍ന്ന് സിപിഎം ഇടപെടുകയും മന്ത്രിയും സമസ്ത പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടക്കുകയും സ്‌കൂള്‍ സമയ മാറ്റവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്തു. പുതിയ മാറ്റത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും ധാരണയായി. എന്നാല്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ വ്യത്യസ്തമായ അഭിപ്രായമാണ് മുന്നോട്ടുവച്ചിരിക്കുന്നത്.

സ്‌കൂള്‍ സമയം വളരെ നേരത്തെയാക്കണം എന്നാണ് ഷംസീറിന്റെ അഭിപ്രായം. രാവിലെ എട്ട് മണിക്കോ ഏഴരയ്‌ക്കോ തുടങ്ങുന്ന രീതിയില്‍ ആക്കണം. ഗള്‍ഫ് രാജ്യങ്ങളിലൊക്കെ ഇത്തരം സമയമാണ് പിന്തുടരുന്നത്. ഉച്ചയോടെ സ്‌കൂള്‍ കഴിഞ്ഞാല്‍ കുട്ടികള്‍ കളിക്കാന്‍ പോകട്ടെ. ഈ വേളയില്‍ മദ്രസയില്‍ പോകാനും പറ്റുമെന്നും ഷംസീര്‍ പറയുന്നു.
കേരളത്തില്‍ ഏറെ കാലമായി പത്ത് മണിക്കാണ് സ്‌കൂള്‍ തുടങ്ങുന്നത്. കാലത്തിന് അനുസരിച്ചുള്ള മാറ്റം വരണം. ഗള്‍ഫ് രാജ്യങ്ങളില്‍ എട്ട് മണിക്ക് സ്‌കൂള്‍ തുടങ്ങും. അവിടെ മതപഠനവും നടക്കുന്നുണ്ട്. ഇവിടെ എത്തുമ്പോള്‍ പത്ത് മണിക്കേ പറ്റൂ എന്ന് പറയുന്നത് ശരിയല്ല. കുട്ടികള്‍ രാവിലെ എഴുന്നേറ്റ് ഫ്രഷായി തെളിഞ്ഞ മനസോടെ സ്‌കൂളിലേക്ക് പോകട്ടെ എന്നും ഷംസീര്‍ പറയുന്നു.
''ഗള്‍ഫില്‍ മദ്രസ പഠനം ഇല്ലേ. അവിടെ സ്‌കൂള്‍ പഠനവും മദ്രസ പഠനവും നടക്കുന്നുണ്ട്. മതാചാരങ്ങള്‍ക്കും മത പഠനങ്ങള്‍ക്കും തങ്ങള്‍ എതിരല്ല. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറേണ്ടതുണ്ട്. 10 മണി മുതല്‍ നാല് മണി വരെ എന്ന തിയറി മാറ്റണം. പകരം രാവിലെ എട്ട് മണിക്ക് കുട്ടി ഫ്രഷ് മൂഡില്‍ പഠിക്കാന്‍ പോകുന്നു. ഒരു മണിക്ക് മുമ്പായി ക്ലാസ് അവസാനിക്കുന്നു. ഉച്ചയ്ക്ക് ശേഷം ഭക്ഷണം കഴിച്ച് അവരെ കളിക്കാന്‍ വിട്''- ഷംസീര്‍ പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം മദ്രസയില്‍ പൊയ്‌ക്കേട്ടേ. അല്ലാതെ പത്ത് മണി എന്നത് വാശി പിടിക്കുന്ന രീതി വിട്ട് മത പണ്ഡിതന്മാര്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകണം. താന്‍ മുമ്പ് പറഞ്ഞ ഒരു അഭിപ്രായത്തിന്റെ മേല്‍ തന്നെ മതവിരുദ്ധനാക്കാന്‍ ശ്രമിച്ചു. സമാനമായ അഭിപ്രായം ഇന്നലെ ഒരു മതപണ്ഡിതന്‍ പറഞ്ഞല്ലോ. അതുപോലെ, സ്‌കൂള്‍ സമയ മാറ്റം വിശദമായി ചര്‍ച്ച ചെയ്യണം. 10 മുതല്‍ നാല് വരെ എന്നതിലെ മാറ്റത്തിന്റെ ചര്‍ച്ച നടക്കണം എന്നും സ്പീക്കര്‍ പറഞ്ഞു.












Click it and Unblock the Notifications