സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വൈഫൈ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഐടി പഠനത്തില്‍ കാലോചിതമായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും വൈഫൈ സംവിധാനം ഏര്‍പ്പെടത്തും. ഐടി അറ്റ് സ്‌കൂളിന്‍െ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഈ വര്‍ഷം തന്നെ സ്‌കൂളുകളിലെല്ലാം ഇന്റര്‍നെറ്റ് ലഭ്യമാക്കാനും തീരുമാനമായി.
കൂടാതെ ഹയര്‍ സെക്കന്ററി പരീക്ഷ കഴിയുമ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ) സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന തരത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ തീരുമാനമായിട്ടുണ്ട്. നിലവില്‍ ഒരു വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയായാല്‍ മാത്രമേ ഡിസിഎ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.

ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിനായി ഹയര്‍സെക്കന്‍ഡറിയില്‍ ഇ-ഗവേണ്‍സ്, ഇ-സര്‍വീസ്, ഇ-ലേണിങ് തുടങ്ങിയവ ഉള്‍പ്പെടുത്തും. പ്ലസ് ടു പാസാകുന്ന ഏതൊരു വിദ്യാര്‍ത്ഥിയും ഡിസിഎ സര്‍ട്ടിഫിക്കറ്റിനും ഉടമയാകും. വിവിധ എഴുത്തു പരീക്ഷകളില്‍ ഡിസിഎ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് പ്ലസ് ടു തലത്തില്‍ തന്നെ കുട്ടികള്‍ക്ക് ഡിസിഎ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരുങ്ങുന്നത്.
എട്ട്, ഒന്‍പത് ക്ലാസുകളില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വിപിഎന്‍) പദ്ധതി വഴി സ്‌കൂളുകളെ നെറ്റ് വര്‍ക്കിിന്റെ കീഴില്‍ കൊണ്ടുവരും. പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പാക്കി തുടങ്ങും. ആദ്യഘട്ടമായി എല്ലാ ജില്ലകളിലെയും നാലു സ്‌കൂള്‍ വീതവും അടുത്തവര്‍ഷം സംസ്ഥാനത്ത് മുഴുവനനായും പദ്ധതി നടപ്പിലാക്കാനാണ് ആലോചന.












Click it and Unblock the Notifications