21 മുതൽ സ്കൂളുകൾ രാവിലെ മുതല്‍ വൈകുന്നേരം വരെ; ശനിയാഴ്ച പ്രവർത്തി ദിവസം - വി.ശിവൻകുട്ടി
21 മുതൽ സ്കൂളുകൾ രാവിലെ മുതല്‍ വൈകുന്നേരം വരെ; ശനിയാഴ്ച പ്രവർത്തി ദിവസം - വി.ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ വീണ്ടും പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾക്കാണ് വീണ്ടും പഠനം ആരംഭിക്കുക. ബാച്ച് അടിസ്ഥാനത്തിൽ രാവിലെ മുതൽ ഉച്ച വരെ ആണ് ക്ലാസുകൾ. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
അതേ സമയം, ഫെബ്രുവരി 21 മുതൽ ക്ലാസുകൾ രാവിലെ മുതൽ വൈകുന്നേരം വരെ ഉണ്ടാകും. ക്ലാസിൽ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി സാധാരണ രീതിയിൽ പഠനം ക്രമീകരിക്കാൻ ആണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് സ്കൂളുകൾ വീണ്ടും തുറക്കുവാൻ തീരുമാനിച്ചത്.

10, 11, 12 ക്ലാസുകൾ നിശ്ചയിച്ചിരിക്കുന്ന പ്രകാരം നടക്കുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി 21 മുതൽ സാധാരണ നിലയിലേക്ക് ക്ലാസ്സുകൾ എത്തിക്കുകയാണ് ലക്ഷ്യം. എല്ലാ കുട്ടികളും ക്ലാസിൽ എത്തിച്ചേരണം. പ്രീ പ്രൈമറി ക്ലാസുകൾ ഉച്ചവരെ ആയിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
അതേസമയം, സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ശനിയാഴ്ചയും പ്രവർത്തി ദിവസം ആയിരിക്കും. ഫെബ്രുവരി മാർച്ച് മാസങ്ങളിൽ പൊതു അവധികൾ ഒഴികെ ബാക്കി എല്ലാ ശനിയാഴ്ചയും പ്രവർത്തി ദിവസം ആണ്. പാഠഭാഗങ്ങൾ പെട്ടെന്ന് തീർക്കുന്നതിലേക്ക് വേണ്ടിയാണ് ശനിയാഴ്ച പ്രവർത്തി ദിവസം ആക്കിയതെന്ന് മന്ത്രി അറിയിച്ചു. 10, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ ഫെബ്രുവരി 28 - ന് ഉള്ളിൽ പൂർത്തീകരിക്കണം.
അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തണം. വിദ്യാർഥികൾക്ക് വേണ്ടി റിവിഷൻ ഘട്ടത്തിലേക്ക് പോകേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ വരുന്ന ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി ചേരുന്ന ചർച്ചക്ക് ശേഷം ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകും.
അതേസമയം, പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല. എല്ലാ ക്ലാസുകളിലും ഇത്തവണ വാർഷിക പരീക്ഷകൾ ഉണ്ടാകും. മാർച്ച് 14 മുതൽ എസ്എസ്എൽസി, വിഎച്ച്എസ്ഇ, എച്ച്എസ്ഇ മോഡൽ പരീക്ഷകൾ തുടങ്ങും.അങ്കണവാടികള്‍, ക്രഷുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍ എന്നിവ നാളെ തുറക്കും. എന്നാൽ കുട്ടികൾക്ക് ക്ലാസുകൾ ഉച്ച വരെയാണ്. ഇവർക്ക് ശനിയാഴ്ച പ്രവർത്തി ദിനം അല്ല. തിങ്കൾ മുതൽ വെള്ളി വരയാണ് പ്രവർത്തി ദിവസം ആയിരിക്കുക.
അതേസമയം , ഫെബ്രുവരി 21 വരെ ഒന്നു മുതൽ ഒൻപത് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ വിക്ടേഴ്സ് ചാനൽ വഴി ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം ആണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications