പാലക്കാട്ടെ സംഭവത്തില്‍ എസ്ഡിപിഐക്ക് പങ്കില്ലെന്ന് അഷ്‌റഫ് മൗലവി; ആഭ്യന്തര വകുപ്പ് പക്ഷം ചേരുന്നു
തിരുവനന്തപുരം: പാലക്കാട്ടെ കൊലപതകത്തില്‍ എസ്ഡിപിഐക്ക് പങ്കില്ലെന്ന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയതയില്ല. പുതിയ സംഭവങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. പലിശീലനം ലഭിച്ച ആയിരക്കണക്കിന് ആര്‍എസ്എസുകാര്‍ കേരളത്തിലുണ്ട്. സര്‍ക്കാര്‍ ക്രമസമാധാനം ഉറപ്പാക്കണം. ഒറ്റപ്പെട്ട ശബ്ദങ്ങളെ പോലും വര്‍ഗീയതയെന്ന് പറയുകയാണ്. മതത്തില്‍ അധിഷ്ടിതമായ രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്ത് അനാവശ്യമാണ്. മതനിരപേക്ഷതയിലൂന്നിയ പ്രവര്‍ത്തനമാണ് വേണ്ടത്. പാലക്കാട് കൊല്ലപ്പെട്ടത് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രാദേശിക ഭാരവാഹിയാണ്. എസ്ഡിപിഐക്ക് അവിടെ നടന്ന കൊലപാതത്തിലും മറ്റും പങ്കില്ലെന്നും കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നേതൃത്വങ്ങളുടെ അപക്വമായ പരാമര്‍ശങ്ങള്‍ ആര്‍എസ്എസ് ഉപയോഗപ്പെടുത്തുകയാണ്. ഭൂരിപക്ഷ വര്‍ഗീയതയെന്ന ആര്‍എസ്എസ് ഫാഷിസത്തെ ന്യൂനപക്ഷ വര്‍ഗീയതയെന്ന ഇരകളുടെ പ്രതിഷേധങ്ങളുമായി സമീകരിക്കുന്നത് അപകടകരമാണ്. മുസ്ലിം ന്യൂനപക്ഷങ്ങളെ സംബന്ധിച്ച വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന യുപി മുഖ്യമന്ത്രി യോഗി പോലും ധ്രൂവീകരണത്തിന് ഉപയോഗപ്പെടുത്തുകയായിരുന്നു. ആസൂത്രിതമായ ചില നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. മതനിരപേക്ഷ കക്ഷികള്‍ ഇക്കാര്യത്തില്‍ ശബ്ദമുയര്‍ത്തണം.
2002ലെ ഗുജറാത്ത് കലാപ സമയത്ത് ആര്‍എസ്എസ് നേരിട്ട് കലാപം നടത്തിയെങ്കില്‍ ഇപ്പോള്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന വംശീയ ഉന്മൂലന കലാപങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ശ്രീരാമ നവമി, ഹനുമാന്‍ ജയന്തി ഉള്‍പ്പെടെയുള്ള ആഘോഷ ദിനങ്ങള്‍ സംഘപരിവാരം അന്യമത വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്നത് വളരെ ആസൂത്രിതമാണ്. 10 ഓളം സംസ്ഥാനങ്ങളില്‍ ഒരേ സമയം ആക്രമണം നടന്നത് യാദൃശ്ചികമല്ല. ഏകപക്ഷീയമായ കലാപങ്ങളില്‍ ഇരകളെ തന്നെ പ്രതികളാക്കുകയാണ് പോലീസ്. ഇരു കൈകളുമില്ലാത്ത മുസ്ലിം യുവാവ് കല്ലെറിഞ്ഞു എന്നാരോപിച്ച് പ്രതിയാക്കിയിരിക്കുന്നു.
ആര്‍എസ്എസ് കേന്ദ്രഭരണത്തിലെത്തിയതോടെ സംസ്ഥാനവും അവരുടെ അജണ്ടയ്ക്കനുസരിച്ചാണ് നീങ്ങുന്നത്. സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് പക്ഷപാതപരമായാണ് പെരുമാറുന്നത്. ആഭ്യന്തര വകുപ്പ് പലതിനെയും ഭയപ്പെടുകയാണ്. കേന്ദ്രത്തിന്റെ അജണ്ടയ്ക്കനുസൃതമായി സംസ്ഥാനവും പാകപ്പെട്ടിരിക്കുന്നു. ആര്‍എസ്എസ്സിന്റെ വിഭജന അജണ്ടയ്‌ക്കെതിരേ പൊതുസമൂഹത്തില്‍ നിന്ന് ആര്‍ജ്ജവമുള്ള നിലപാട് ഉണ്ടാവണമെന്നും അതിന് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ നേതൃത്വം നല്‍കുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ദീന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല സംബന്ധിച്ചു.












Click it and Unblock the Notifications