എസ്ഡിപിഐ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് ആ വാഗ്ദാനം നല്‍കിയതിനാലോ? ഒടുവില്‍ പരാതിയും
ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ പൊലീസിന് പരാതി നല്‍കിയതായി എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കോണ്‍ഗ്രസ് വിജയിച്ചാല്‍ നിരോധിത സംഘടനയുടെ നിരോധനം എടുത്തുമാറ്റുമെന്ന് ഉറപ്പു ലഭിച്ചതിനാലാണ് എസ് ഡി പി ഐ കോണ്‍ഗ്രസിനെ പിന്‍തുണച്ചതെന്ന വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും എസ് ഡി പി ഐ പ്രസ്താവനയിലൂടെ അറിയിച്ചു.
കെ സി വേണുഗോപാല്‍, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി എന്നിവരുടെ ഫോട്ടോ വെച്ച് അഷ്‌റഫ് മൗലവിയുടെ പ്രസ്താവന എന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പ്രചാരണം നടത്തുന്നതെന്നും എസ് ഡി പി ഐ വ്യക്തമൈാക്കുന്നു.

എസ് ഡി പി ഐ പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത സ്പര്‍ദ്ദയും സാമുദായിക ധ്രുവീകരണവും ലക്ഷ്യമിട്ട് എസ് ഡി പി ഐയെയും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയെയും കുറിച്ച് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വ്യാജ പ്രചാരണം നടത്തുന്നതിനെതിരേ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഡിജിപിക്ക് പരാതി നല്‍കി.
കോണ്‍ഗ്രസ് വിജയിച്ചാല്‍ നിരോധിത സംഘടനയുടെ നിരോധനം എടുത്തുമാറ്റുമെന്ന് ഉറപ്പു ലഭിച്ചതിനാലാണ് എസ്ഡിപിഐ കോണ്‍ഗ്രസിനെ പിന്‍തുണച്ചതെന്ന വ്യാജ പ്രചാരണമാണ് നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോയില്‍ നിരോധിത സംഘടനയുടെ പതാകയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും ആലപ്പുഴ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ സി വേണുഗോപാല്‍, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി എന്നിവരുടെ ഫോട്ടോ വെച്ച് അഷ്‌റഫ് മൗലവിയുടെ പ്രസ്താവന എന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പ്രചാരണം നടത്തുന്നത്.
ഇത് ബോധപൂര്‍വം പാര്‍ട്ടിയെ സമൂഹ മധ്യത്തില്‍ ഇകഴ്ത്തി കാണിക്കുന്നതിനും പൊതുസമൂഹത്തില്‍ നിന്ന് അകറ്റുന്നതിനും കലാപാന്തരീക്ഷത്തിലൂടെ വോട്ട് ധ്രുവീകരണം നടത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. വര്‍ത്തമാന കാല ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഇത്തരം പ്രചാരണങ്ങള്‍.
പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതും സാമൂഹിക വിഭജനം ലക്ഷ്യമിട്ടുള്ളതുമായ ഈ പോസ്റ്റര്‍ തയ്യാറാക്കിയവരെയും അത് പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തി നിയമപരമായി ശിക്ഷിക്കണമെന്നും വര്‍ഗീയ കലാപത്തിന് ആക്കം കൂട്ടുന്ന ഇത്തരം പ്രചാരണങ്ങള്‍ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡി ജി പിക്ക് പരാതി നല്‍കിയത്.












Click it and Unblock the Notifications