കേരളത്തിലെ തീരദേശങ്ങളിൽ ശക്തമായ കടലാക്രമണം; കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചേക്കുമെന്ന് മുന്നറിയിപ്പ്...
കടലാക്രമണത്തിൽ റോഡ് തകർന്നതിനെ തുടർന്ന് കൊല്ലം-പരവൂർ തീരദേശ പാതയിൽ ഗതാഗതം നിരോധിച്ചു.
തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാനത്തെ പല ജില്ലകളിലെയും തീരപ്രദേശങ്ങളിൽ ശക്തമായ കടലാക്രമണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, തുടങ്ങിയ ജില്ലകളിലാണ് ഞായറാഴ്ച ഉച്ചമുതൽ ശക്തമായ കടലാക്രണമുണ്ടായത്. മിക്കയിടത്തും വലിയ തിരമാലകൾ കരയിലേക്ക് അടിച്ചുകയറി.
എറണാകുളത്ത് പുതുവൈപ്പിൻ അടക്കമുള്ള തീരദേശങ്ങളിൽ വേലിയറ്റവും ഉണ്ടായി. ആലപ്പുഴ ചേന്നവേലി, കാട്ടൂർ, ആറാട്ടുപുഴ പ്രദേശങ്ങളിൽ കടലാക്രമണത്തെ തുടർന്ന് തീരപ്രദേശത്തെ വീടുകളിൽ വെള്ളംകയറി. തീരദേശത്തോട് ചേർന്നുള്ള മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്.

തിരുവനന്തപുരത്തും കൊല്ലത്തും സമാനമായ രീതിയിൽ കടൽക്ഷോഭമുണ്ടായി. കൊല്ലം അഴീക്കൽ പൊഴി, ഇരവിപുരം എന്നിവിടങ്ങിളാണ് കടലാക്രമണമുണ്ടായത്. ശക്തമായ കടലാക്രമണത്തിൽ റോഡ് തകർന്നതിനെ തുടർന്ന് കൊല്ലം-പരവൂർ തീരദേശ പാതയിൽ ഗതാഗതം നിരോധിച്ചു. മുണ്ടയ്ക്കൽ, ഇരവിപുരം തുടങ്ങിയ മേഖലകളിലാണ് റോഡ് തകർന്നത്.
മലപ്പുറത്ത് പൊന്നാനി അഴിമുഖത്തും ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ശക്തമായ കടൽക്ഷോഭമാണ് അനുഭവപ്പെട്ടത്. അഴിമുഖത്തെ ജങ്കാർ റോഡിലേക്കും മീൻ ചാപ്പകളിലേക്കും വെള്ളം ഇരച്ചുകയറി. കണ്ണൂരിൽ തലശേരി, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമാണ്. അതേസമയം, വരും മണിക്കൂറുകളിൽ കേരള തീരത്ത് കൂറ്റൻ തിരമാലകൾക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചേക്കാമെന്നും, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications