സ്വപ്‌ന പദ്ധതിയുടെ ചിറകിലേറി മന്ത്രിമാര്‍; സീ പ്ലെയിനിന്റെ പരീക്ഷണ പറക്കൽ വിജയകരം
കൊച്ചി: കേരള ടൂറിസം മേഖലയിൽ വൻമാറ്റത്തിന് വഴിയൊരുക്കുന്ന സീ പ്ലെയിൻ ഫ്ലാഗ് ഓഫി ചെയ്തു. മന്ത്രിമാരായ മുഹമ്മദ് റിയാസ്. വി ശിവൻകുട്ടി, പി രാജീവ് എന്നിവർ ചേർന്നാണ് ആദ്യ പറക്കൽ ഫ്ലാഗ് ഓഫ് ചെയ്തത്. പത്ത് മിനിറ്റ് നേരം ബോൾഗാട്ടി മറീനയിൽ മന്ത്രിമാരുമായി ആകാശത്ത് പറന്ന സീ പ്ലെയിൻ ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് തിരിച്ചു. മാട്ടുപ്പെട്ടിയിൽ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാവും സ്വീകരിക്കുക. ഞായറാഴ്ച ഉച്ചയോടെ സീ പ്ലെയിൻ കൊച്ചിയിൽ എത്തിയിരുന്നു.
ചെറു വിമാനത്തിൽ 17 സീറ്റുകളാണ് ഉള്ളത്. 30 സീറ്റുകൾ ഉള്ളവയുമുണ്ട്. റൺവേയ്ക്ക് പകരം വെള്ളത്തിലൂടെ നീങ്ങിയാണ് സീ പ്ലെയിൻ പറന്നുയർന്നത്.
കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി. ഡിഹാവ്ലാൻഡ് കാനഡ എന്ന സീ പ്ലെയിനാണ് കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്ക് പോകുന്നത്. കേന്ദ്ര പദ്ധതിയായ റീജണൽ കണക്ടിവിറ്റി സ്കീം ഉഡാന്റെ ( യുഡിഐഎൻ) കീഴിൽ സിയാലും ബോൾഗാട്ടി പാലസും കേന്ദ്രമാക്കി ആദ്യ ഘട്ടത്തിൽ പദ്ധതി വികസിപ്പാക്കാനാണ് ശ്രമം.

കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയൻ വിമാനമാണ് സീ പ്ലെയിൻ. സീ പ്ലെയിൻ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ മാലിദ്വീപിന് സമാനമായ ടൂറിസം കേന്ദ്രമായി കേരളം മാറുമെന്നാണ് പ്രതീക്ഷ.
നമ്മുടെ നാടിന്റെ സ്വപ്‌ന പദ്ധതിയാണ് സീ പ്ലെയിൻ എന്നും വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ ഈ സീ പ്ലെയിൻ എന്ന സംവിധാനത്തെ കാണുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇത് അതിസമ്പന്നർക്ക് മാത്രം ഉപയോഗിക്കാനുള്ളതല്ലെന്നും ജനകീയമായി എല്ലാ വിഭാഗം മനുഷ്യർക്കും എങ്ങനെ ഉപയോഗിക്കാനാകുമെന്ന് സംസ്ഥാന സർക്കാർ പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പ രാജിവ് പറഞ്ഞു.












Click it and Unblock the Notifications