കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖി തിരമാലകളിലും കടലേറ്റത്തിലും തകര്‍ന്ന കടല്‍ ഭിത്തിക്കായി കണ്ണും നട്ട് കടലോരവാസികള്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഓഖി തിരമാലകളിലും കടലേറ്റത്തിലും തകര്‍ന്ന കടല്‍ ഭിത്തിക്കായി കണ്ണും നട്ട് കടലോരവാസികള്‍. കഴിഞ്ഞ കാലവര്‍ഷത്തിലുണ്ടായ കടലാക്രമണത്തിലും തുടര്‍ന്ന് ഓഖി തിരമാലകളിലുണ്ടായ കടലേറ്റത്തിലും തകര്‍ന്ന കടല്‍ഭിത്തികളുടെ പുനര്‍ നിര്‍മാണം നടക്കാത്തത് ജില്ലയിലെ തീരത്തെ അരക്ഷിതമാക്കുന്നു. പൊന്നാനി പാലപ്പെട്ടി അജ്മീര്‍ മുതല്‍ കടലുണ്ടി വരെയുള്ള തീരദേശത്തെ കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കടല്‍ഭിത്തി നിര്‍മാണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാകാത്തത് തീരദേശ മേഖലയില്‍ കടുത്ത പ്രതിഷേധത്തിനും ആശങ്കക്കും ഇടയാക്കുന്നുണ്ട്.

മഴയെത്താന്‍ ഒരു മാസം മാത്രം ശേഷിക്കെ കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കാത്തത് തീരത്ത് ഇത്തവണയും കടുത്ത ദുരിതം എത്തുമെന്ന് ഉറപ്പാക്കുകയാണ്. കഴിഞ്ഞ കാല വര്‍ഷത്തിലും ഓഖി ദുരന്തത്തിലും വന്‍ നാശനഷ്ടമാണ് ജില്ലയിലെ തീരത്തിന് നേരിടേണ്ടി വന്നത്. പൊന്നാനി അഴിമുഖം മുതല്‍ പുതുപൊന്നാനി വരെയുള്ള ഭാഗങ്ങളില്‍ ഒട്ടുമിക്ക സ്ഥലത്തും കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നൂറില്‍പരം വീടുകളാണ് കടല്‍ഭിത്തിയുടെ അഭാവം മൂലം ഈ മേഖലയില്‍ കടലാക്രമണ ഭീഷണി നേരിടുന്നത്.

kadal

മരക്കടവ്, മുറിഞ്ഞഴി, ഹിളര്‍പള്ളി, പുതുപൊന്നാനി ഭാഗങ്ങളിലെ തീരദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. പാലപ്പെട്ടി അജ്മീര്‍ നഗറില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് രണ്ടുകോടി രൂപ കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. തീരത്തെ മറ്റു മേഖലകളിലേക്ക് സര്‍ക്കാര്‍ ഇതുവരെയും ഫണ്ടനുവദിക്കാത്തത് തീരദേശത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. കടലാക്രമണം തടയാന്‍ കൂടുതല്‍ ശാശ്വതമായ പരിഹാര മാര്‍ഗം എന്തെന്നത് സംബന്ധിച്ച് വ്യക്തത ഇല്ലാത്തതാണ് കടല്‍ ഭിത്തിക്ക് ഫണ്ടനുവദിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്നോട്ടടിക്കുന്നത്. കടല്‍ ഭിത്തിയുള്ള മേഖലകളില്‍ രൂക്ഷമായ കടലാക്രമണം നേരിടുന്ന പശ്ചാത്തലത്തില്‍ കടലില്‍ പുലിമുട്ട് നിര്‍മിക്കുക എന്ന ആശയമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്.

ഇക്കാര്യത്തിലുള്ള ശാസ്ത്രീയ പഠനം നടന്നുവരികയാണ്. ഇതില്‍ വ്യക്തത വരാതെ കടല്‍ഭിത്തിക്കായി ഫണ്ടനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നാണ് അറിയുന്നത്. പൊന്നാനി അഴിമുഖം മുതല്‍ പാലപ്പെട്ടി വരെയുള്ള കടല്‍ഭിത്തി നിര്‍മാണത്തിന് 17 പദ്ധതികളാണ് സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കി നല്‍കിയ പദ്ധതികള്‍ക്ക് ഇതുവരെയും അംഗീകാരം ലഭിച്ചിട്ടില്ല. പൊന്നാനി തീരദേശത്തെ പ്രത്യേക സാഹചര്യമായി കണക്കാക്കി അടിയന്തിര ഫണ്ടനുവദിക്കണമെന്ന ആവശ്യമാണ് തീരദേശ വാസികള്‍ മുന്നോട്ടുവെക്കുന്നത്. കടല്‍ ഭിത്തിയുടെയും പുനരധിവാസ പദ്ധതികളുടെയും അപര്യാപ്തത വരാനിരിക്കുന്ന മഴക്കാലം തീരദേശത്തെ കൂടുതല്‍ ദുരിതത്തിലാക്കും. തീരദേശത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ രാഷ്ര്ടീയ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

English summary
sea walls destroyed in okhi tragedy; no renovation works for rebuilding sea walls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X