ഷിരൂരില്‍ തിരച്ചില്‍ പുരോഗമിക്കുന്നു: നദിക്കടിയില്‍ തടികള്‍ കണ്ടെത്തി ഈശ്വർ മാൽപെ
ഷിരൂർ: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന്‍ ഉള്‍പ്പെടേയുള്ളവർക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. കാർവാറിൽ നിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് തെരച്ചിൽ. അർജുൻ സഞ്ചരിച്ച ലോറിയുടെ ക്യാബിൻ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും ഷിരൂരില്‍ നിന്നും വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
ലോറിയുടെ ക്യാബിൻ കണ്ടെത്തിയാൽ അർജുൻ എവിടെ എന്നതിന്റെ ഉത്തരം കിട്ടുമെന്നാണ് പ്രതീക്ഷ. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷിരൂരില്‍ മൂന്നാം ഘട്ട തിരച്ചില്‍ ആരംഭിക്കുന്നത്. ഇന്നലെ രാവിലെ 11 മണിക്ക് ഡ്രഡ്ജർ ഉപയോഗിച്ച് തെരച്ചിൽ തുടരാനായിരുന്നു പദ്ധതിയെങ്കിലും ഡ്രഡ്ജർ സ്ഥലത്തെത്തിയത് 5.30 ഓടെയാണ്. ഈ സാഹചര്യത്തില്‍ ഇന്നലെ 20 മിനിറ്റ് മാത്രമാണ് പരിശോധന നടത്തിയത്. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്റെ നേതൃത്വത്തില്‍ പൂജയും തിരച്ചിലിന് മുന്നോടിയായി ഉണ്ടായിരുന്നു.

നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നേരത്തെ നിർദേശിച്ച മൂന്ന് പ്രധാന പോയന്‍റുകളിലാണ് ഡ്രഡ്ജറും ക്യാമറയും ഉപയോഗിച്ചുളള തെരച്ചിൽ നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ പരിശോധനയ്ക്കിടെ ലോറിയിൽ വെള്ള ടാങ്ക് ഉറപ്പിക്കുന്ന ഇരുമ്പ് റിങ്ങിന്റെത് എന്ന് സംശയിക്കുന്ന ഇരുമ്പ് ഭാഗം കണ്ടെത്തുകയും ചെയ്തു.
അർജുന് വേണ്ടി പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും ഇന്ന് പുഴയിലിറങ്ങി പരിശോധന നടത്തി. പരിശോധനയില്‍ അദ്ദഹേം അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തു. അർജുൻ ലോറിയിൽ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. നേരത്തെ നദിക്കരയില്‍ നിന്നും തടിക്കഷണങ്ങൾ ലഭിച്ചിരുന്നു. ഇത് അർജുന്‍ കൊണ്ടുവന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമയും സ്ഥിരീകരിച്ചു.
തുടക്കത്തില്‍ ഗംഗാവാലി പുഴയില്‍ ഇറങ്ങി പരിശോധന നടത്താന്‍ ഈശ്വർ മാൽപെയ്ക്ക് കർണാടക സർക്കാർ അനുമതി നല്‍കിയിരുന്നില്ല. ഒടുവിൽ ജില്ല ഭരണകൂടവുമായി നിരന്തരം ചർച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. പുഴയിലെ ഒഴുക്ക് അടക്കമുള്ള കാര്യങ്ങള്‍ നിലവില്‍ പരിശോധനയ്ക്ക് അനുകൂലമാണ്.
ഇരുപത്തിയെട്ടര മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള ഡ്രഡ്ജറിന് വെള്ളത്തിന്റെ അടിത്തട്ടില്‍ മൂന്നടി വരെ മണ്ണെടുക്കാന്‍ സാധിക്കും. ഒരു ഹിറ്റാച്ചി, ക്രെയിന്‍, പുഴയില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ രണ്ട് ഭാരമേറിയ തൂണുകള്‍ എന്നിവയാണ് ഡ്രെഡ്ജറിന്റെ പ്രധാന ഭാഗങ്ങള്‍. ലോറിയുടെ മുകളിലായി കിടക്കുന്ന മണ്ണും പാറക്കല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. പ്രവർത്തനങ്ങള്‍ക്ക് എ കെ എം അഷ്റഫ് എം എല്‍ എയും മേല്‍നോട്ടം വഹിക്കുന്നു.












Click it and Unblock the Notifications