സീറ്റ് വിഭജനം പൂര്‍ണം, ഇടുക്കി കോണ്‍ഗ്രസിന് തന്നെ
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ സീറ്റ് വിഭജനം പൂര്‍ണമായി. ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ ദില്ലിയില്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എം ശക്തമായ പ്രതിഷേധം അറിയിച്ചു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ദില്ലിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ഹൈക്കമാന്റിന്റെ അനുമതിയോടെയായിരിക്കും അന്തിമ പട്ടിക പുറത്ത് വിടുന്നത്. ഏഴ് സിറ്റിങ് എംപിമാര്‍ ഇത്തവണയും ജനവിധി തേടുമെന്നാണ് സൂചന. എംഐ ഷാനവാസിന്റേയും പിടി തോമസിന്റേയും കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.
എന്നാല്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി എന്ന വാര്‍ത്തയെ കേരള കോണ്‍ഗ്രസ് എം അംഗീകരിച്ചിട്ടില്ല. സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളാണെന്ന് കെഎം മാണി പറഞ്ഞു.
മുന്നണിക്കുള്ളില്‍ ധാരണയെത്താതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചത് ശരിയായില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പ്രതികരിച്ചു. ഇടുക്കിയില്‍ ജനപിന്തുണ ഫ്രാന്‍സിസ് ജോര്‍ജ്ജിനാണെന്ന് നേരത്തെ പിസി ജോര്‍ജ്ജും വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ഫ്രാന്‍സിസ് ജോര്‍ജ്ജ് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കാട്ടിലുമായി ചര്‍ച്ച നടത്തി.












Click it and Unblock the Notifications