കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജിയും എകെജിയും ഇഎംഎസും നിറയുന്ന കൈത്തറികള്‍

Google Oneindia Malayalam News

കണ്ണൂര്‍: ഗാന്ധിജിയുടെയും എ.കെ.ജിയുടെയും ഇ.എം.എസിന്റെയുമൊക്കെ ചിത്രങ്ങള്‍ ഇഴകളില്‍ നെയ്‌തെടുത്തിരിക്കുകയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന 'പൊന്‍കതിര്‍' മെഗാ എക്‌സിബിഷനിലാണ് കൈത്തറിയില്‍ തീര്‍ത്ത മഹാന്‍മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ കൈത്തറി തുണിയില്‍ ചായം ഉപയോഗിച്ച് വരച്ചവയാണെന്ന് തോന്നിക്കുന്ന ഈ ചിത്രങ്ങള്‍ ഇലക്ട്രോണിക് ജെക്വാര്‍ഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നെയ്‌തെടുത്തിരിക്കുന്നതെന്ന് ഐ.ഐ.എച്ച്.ടി അധ്യാപകന്‍ ചന്ദ്രന്‍ പറഞ്ഞു. ആരുടെ ചിത്രവും ഇത്തരത്തില്‍ എളുപ്പത്തില്‍ നെയ്‌തെടുക്കന്‍ സാധിക്കും.

kaithari

45 ഇഞ്ച് വലുപ്പമുള്ള നാനോ കൈത്തറി യൂണിറ്റും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉപയോഗിക്കാന്‍ എളുപ്പമാണെന്നത് മാത്രമല്ല കുറഞ്ഞ വിലയില്‍ ലഭിക്കുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്. നാല്‍പ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ വിലയില്‍ ഇതിന്റെ യൂണിറ്റ് ലഭ്യമാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. നാനോ കൈത്തറി യൂണിറ്റ് ഉപയോഗിച്ചുള്ള വസ്ത്ര നിര്‍മ്മാണം കാണികള്‍ക്ക് നേരിട്ട് കാണാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കസവ് നൂല്‍, വിവധ യൂണിറ്റുകളുടെ സാരികള്‍, കുഷ്യനുകള്‍, ചവിട്ടികള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൈത്തറി മേഖലയുടെ വികസനത്തിനായി നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും പവലിയനില്‍ ലഭ്യമാണ്. ഹാന്‍ഡ്‌ലൂം ടെക്‌നോളജിയിലെ വിവിധ കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ നല്‍കിയിട്ടുണ്ട്. ചര്‍ക്കയുടെ മാതൃകയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കണ്ണൂര്‍ തോട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിലവില്‍ 40 വിദ്യാര്‍ത്ഥികള്‍ വീതമുള്ള മൂന്ന് ബാച്ചുകളാണുള്ളത്. പുതിയ ബാച്ചിലേക്കുള്ള പ്രവേശനം നടന്നുകൊണ്ടിരിക്കുകയാണെന്ന് അധ്യാപകനായ ചന്ദ്രന്‍ പറഞ്ഞു.

തളിപ്പറമ്പ് വീവേഴ്‌സ്, മൊറാഴ വീവേഴ്‌സ്, പാപ്പിനിശ്ശേരി വീവേഴ്‌സ്, കല്യാശ്ശേരി വീവേഴ്‌സ്, കൈരളി എസ് സി/എസ് ടി വീവേഴ്‌സ്, ചൊവ്വ വീവേഴ്‌സ്, ലോകനാഥ് വീവേഴ്‌സ്, കൂത്തുപറമ്പ് വീവേഴ്‌സ്, പിണറായി വീവേഴ്‌സ്, ചിറക്കല്‍ വീവേഴ്‌സ്, കണ്ണപുരം വീവേഴ്‌സ്, ഇരിണാവ് വീവേഴ്‌സ്, ഹാന്‍വീവ് കണ്ണൂര്‍, കാഞ്ഞിരോട് വീവേഴ്‌സ് തുടങ്ങിയ യൂണിറ്റുകളുടെ കൈത്തറി ഉല്‍പ്പന്നങ്ങളും ഖാദിഗ്രാമത്തിന്റെ ഖാദി ഉള്‍പ്പന്നങ്ങളും മേളയിലുണ്ട്. വലിയ തിരക്കാണ് ഖാദി-കൈത്തറി ഉല്‍പ്പന്നങ്ങളുടെ മേളയില്‍ അനുഭവപ്പെടുന്നത്.

കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന പൊന്‍കതിര്‍ പ്രദര്‍ശന വിപണനമേള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാള്‍ അവാര്‍ഡുകളും ഹരിതകേരളം പുരസ്‌ക്കാരങ്ങളും ഇന്ന് വൈകിട്ട് 5.30ന് കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ വിതരണം ചെയ്യും. ആറ് മണിക്ക് കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികളും ഏഴ് മണിക്ക് തൃശൂര്‍ നാടക സംഘത്തിന്റെ 'ചക്ക' നാടകവും അരങ്ങേറും.

English summary
Gandhiji, AKG and EMS come alive on handloom dresses at Ponkathir mega exhibition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X