കേരളത്തിന് രണ്ടാം വന്ദേഭാരത്? ഡിസൈന്‍ മാറ്റം വരുത്തിയ ട്രെയിനിന്റെ റൂട്ടുകള്‍ ഇങ്ങനെ...
പാലക്കാട്: കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചേക്കുമെന്ന് സൂചന. ഡിസൈന്‍ മാറ്റം വരുത്തിയ വന്ദേ ഭാരത് ട്രെയിന്‍ കഴിഞ്ഞ ദിവസം ദക്ഷിണ റെയില്‍വേക്ക് കൈമാറിയിരുന്നു. ഇത് കേരളത്തിന് ഉള്ളതാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 8.42 ന് ഓറഞ്ച് നിറത്തിലുള്ള വന്ദേഭാരത് ട്രെയിന്‍ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ട്ടറിക്ക് പുറത്തെത്തിച്ചിരുന്നു.
ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷനില്‍ നിന്നും എത്തിയ എഞ്ചിനീയര്‍മാര്‍ക്കാണ് ട്രെയിന്‍ കൈമാറിയിരിക്കുന്നത്. ശനിയാഴ്ച ഈ ട്രെയിന്‍ മംഗലാപുരത്ത് എത്തും എന്നാണ് അനുമാനം. അങ്ങനെയെങ്കില്‍ ഇത് കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ആയി അനുവദിക്കാനാണ് സാധ്യത. നേരത്തെ മംഗലാപുരം- എറണാകുളം റൂട്ടില്‍ സര്‍വീസിന് തയാറെടുക്കാന്‍ പാലക്കാട് ഡിവിഷന് റെയില്‍വേ നിര്‍ദേശം നല്‍കിയിരുന്നു.

മംഗലാപുര -കോട്ടയം, മംഗലാപുരം-കോയമ്പത്തൂര്‍, മംഗലാപുരം-ഗോവ റൂട്ടുകളും പരിഗണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം റെയില്‍വേ ബോര്‍ഡ് ഒരാഴ്ചക്കുള്ളില്‍ കൈക്കൊള്ളും എന്നാണ് റിപ്പോര്‍ട്ട്. 12 മണിയോടെ എറണാകുളത്ത് എത്തുന്ന രീതിയിലായിരിക്കും ക്രമീകരണം. പിന്നീട് ഉച്ചക്ക് ശേഷം എറണാകുളത്ത് നിന്ന് തിരിച്ച് വൈകിട്ട് ഏഴ് മണിയോടെ തിരികെ മംഗലാപുരത്ത് എത്തും.
എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. അതേസമയം റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഡിസൈന്‍ മാറ്റം വരുത്തിയ ആദ്യ റേക്ക് തന്നെ കേരളത്തിന് അനുവദിക്കുന്നു എന്നുള്ള സവിശേഷതയായിരിക്കും രണ്ടാം വന്ദേഭാരതിന് ലഭിക്കുക. സംസ്ഥാനത്തിന് ഒരു വന്ദേഭാരത് കൂടി അനുവദിക്കുമെന്ന് നേരത്തെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സൂചന നല്‍കിയിരുന്നു.
കേരളത്തിന്റെ ആദ്യത്തെ വന്ദേഭാരത് കാസര്‍കോട്-തിരുവനന്തപുരം റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ എണ്ണം കൊണ്ട് രാജ്യത്തെ മറ്റ് റൂട്ടുകളേക്കാള്‍ മുന്നിലാണ് കേരളത്തിലെ വന്ദേഭാരത്. 100 സീറ്റിന് 183 യാത്രക്കാര്‍ എന്ന തോതിലാണ് കാസര്‍കോട് - തിരുവനന്തപുരം റൂട്ടില്‍ വന്ദേഭാരതിന്റെ സര്‍വീസ്. തിരുവനന്തപുരത്ത് നിന്ന് തിരികെയുള്ള സര്‍വീസില്‍ 100 സീറ്റിന് 173 യാത്രക്കാര്‍ എന്നതാണ് കണക്ക്.
ഇക്കഴിഞ്ഞ വിഷുവിനാണ് കേരളത്തിന് ആദ്യ വന്ദേഭാരത് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ഫ്‌ളാഗ് ഓഫ് ചെയ്തത്. 16 കോച്ചുകളാണ് വന്ദേഭാരതിന് ഉള്ളത്. 2019 ഫെബ്രുവരിയിലാണ് ആദ്യ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്. രാജ്യത്താകെ 25 ഓളം വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.












Click it and Unblock the Notifications