രഹസ്യ നീക്കങ്ങള്‍ മണല്‍ മാഫിയ സംഘത്തിന് ചോര്‍ത്തി നല്‍കി; ഏഴ് പൊലീസുകാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: മണല്‍ മാഫിയ സംഘങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. മണല്‍ മാഫിയ സംഘങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നടപടി. രണ്ട് ഗ്രേഡ് എ എസ് ഐ മാരെയും അഞ്ചു സിവില്‍ പൊലീസ് ഓഫീസര്‍മാരെയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത് കണ്ണൂര്‍ റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ കണ്ണൂര്‍ റേഞ്ചില്‍ ജോലി ചെയ്യുന്നവരാണ് എല്ലാവരും. ഗ്രേഡ് എ എസ് ഐ മാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറല്‍), ഗോകുലന്‍ സി ( കണ്ണൂര്‍ റൂറല്‍ ), സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിഷാര്‍ പി എ (കണ്ണൂര്‍ സിറ്റി), ഷിബിന്‍ എം വൈ ( കോഴിക്കോട് റൂറല്‍ ), അബ്ദുള്‍ റഷീദ് ടി.എം ( കാസര്‍ഗോഡ് ), ഷെജീര്‍ വി എ ( കണ്ണൂര്‍ റൂറല്‍ ), ഹരികൃഷ്ണന്‍ ബി (കാസര്‍ഗോഡ്) എന്നിവരെയാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്.

മണല്‍ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോര്‍ത്തി നല്‍കിയതിനുമാണ് നടപടി. ഈ പ്രവൃത്തി വഴി ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പോലീസിന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തല്‍ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പുഴ മണല്‍ കടത്തികൊണ്ടുപോകുന്നതിന് വഴിയൊരുക്കി നല്‍കുന്നതിന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഒത്താശ ചെയ്തുകൊടുക്കുന്നു എന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. മണല്‍ മാഫിയ സംഘങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ പലര്‍ക്കും വന്‍തുക കൃത്യമായി സ്റ്റേഷനിലും രഹസ്യ കേന്ദ്രങ്ങളിലും എത്തിച്ചു കൊടുക്കുന്നുണ്ട് എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
മണല്‍ കടത്തുസംഘങ്ങളുമായി വഴിവിട്ട ബന്ധമുള്ളത് കൊണ്ട് പല ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. മാഫിയ സംഘങ്ങളുമായി അനധികൃത ബന്ധങ്ങള്‍ വെച്ചുപുലര്‍ത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇനിയും നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും പൊലീസ് മേധാവി നല്‍കിയിരുന്നു.












Click it and Unblock the Notifications