ഇ ശ്രീധരനെ തോല്‍പ്പിക്കാന്‍ ബിജെപി ഉന്നത നേതാവിന്റെ ഡീല്‍; ദേശീയ നേതൃത്വത്തിന് പരാതി, പുതിയ വിവാദം
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും പ്രതീക്ഷ വച്ചു പുലര്‍ത്തിയ സീറ്റായിരുന്നു പാലക്കാട്. ഇന്ത്യയുടെ അഭിമാനമായ മെട്രോ മാന്‍ ഇ ശ്രീധരന്‍ തന്നെയായിരുന്നു പാലക്കാട് സീറ്റിന് മേല്‍ ബിജെപിക്ക് വലിയ പ്രതീക്ഷ വച്ചുപുലര്‍ത്താന്‍ കാരണമായത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ മുന്‍കയ്യെടുത്താണ് ഇ ശ്രീധരന്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. ശ്രീധരനെ മികച്ച പ്രതിച്ഛായ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇ ശ്രീധരനെ പാലക്കാട് തോല്‍പ്പിക്കാന്‍ ബിജെപിയിലെ ഒരു വിഭാഗം ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ആകാശത്ത് വിസ്മയം തീര്‍ത്ത് സൂര്യന് ചുറ്റുമുള്ള മഴവില്‍ വലയം; ഹൈദരാബദില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

ഇഞ്ചോടിഞ്ച് പോരാട്ടം
വോട്ടെണ്ണല്‍ ദിവസം കേരളം ഉറ്റുനോക്കിയ മണ്ഡലങ്ങളില്‍ ഒന്നായിരുന്നു പാലക്കാട്. സിറ്റിംഗ് എംഎല്‍എയായ ഷാഫിയെ താഴെയിറക്കണമെന്ന ലക്ഷ്യത്തോടെ ബിജെപിയുടെ വജ്രായുധമായിരുന്നു ഇ ശ്രീധരന്‍. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ശക്തമായ മുന്നേറ്റമാണ് ഇ ശ്രീധരന്‍ കാഴ്ചവച്ചത്. ഷാഫി പോലും മണ്ഡലത്തില്‍ പരാജയം ഉറപ്പിച്ചിരുന്നു.

ആദ്യ ഘട്ടത്തില്‍
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ആറായിരത്തോളം വോട്ടിന്റെ ലീഡ് പിടിക്കാന്‍ ഈ ശ്രീധരന് സാധിച്ചിരുന്നു. എന്നാല്‍ എല്ലാം മാറി മറിഞ്ഞത് അവസാനത്തെ രണ്ട് റൗണ്ടുകളിലായിരുന്നു. ഗ്രാമീണ മേഖലകളിലെ വോട്ടുകളാണ് ഷാഫിയെ വീണ്ടും തുണച്ചത്. 3000ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശ്രീധരനെ പരാജയപ്പെടുത്തി ഷാഫി മണ്ഡലത്തില്‍ മൂന്നാം തവണയും വിജയക്കൊടി പാറിച്ചത്.

ബിജെപി സ്വപ്നം
നേമം മണ്ഡലം പോകുമെന്ന് ഏകദേശം ഉറപ്പായ സമയത്തായിരുന്നു ശ്രീധരന്‍ മണ്ഡലത്തില്‍ ലീഡ് ഉയര്‍ത്തിയത്. ഇത്തവണത്തെ നിയമസഭ പ്രതീക്ഷ പാലക്കാട് ആകുമെന്ന ബിജെപി നേതാക്കളുടെ സ്വപ്‌നമാണ് അവസാന റൗണ്ടുകളില്‍ നഷ്ടമായത്. കൂടാതെ മെട്രോ മാന്റെ പ്രതിച്ഛായ ഗുണം ചെയ്യുമെന്ന പ്രതീക്ഷയും മണ്ഡലത്തില്‍ ബിജെപിക്ക് നഷ്ടമായി.

പാലക്കാട്ടുകാര്‍ക്കൊപ്പം
എന്നാല്‍ തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ താന്‍ പാലക്കാട്ടുകാര്‍ക്കൊപ്പമുണ്ടാകുമെന്ന് അദ്ദേഹം പറയുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ പൊരുതി തോറ്റെങ്കിലും പാലക്കാടിനോടുള്ള സ്നേഹം അദ്ദേഹത്തില്‍ നിന്ന് പോയിട്ടില്ല. അവര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ശ്രീധരന്റെ സഹായങ്ങള്‍ പാലക്കാട്ട് എത്തിയിരുന്നു.

തോല്‍പ്പിക്കാന്‍ ശ്രമിച്ചു
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ ബിജെപി അണികളെയും നേതാക്കളെയും ഒരു പോലെ ഞെട്ടിക്കുന്നതാണ്. ബിജെപി തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഇ ശ്രീധരനെ തോല്‍പ്പിക്കുന്നതിന് ഒറു വിഭാഗം മുന്‍കയ്യെടുത്തെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന് മുമ്പില്‍ ഒരു പരാതി എത്തിയിട്ടുണ്ട്.

2016ലെ തിരഞ്ഞെടുപ്പ്
2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തലവര മാറ്റി മറിച്ച മണ്ഡലമായിരുന്നു പാലക്കാട്. ബിജെപിക്ക് കേരള ചരിത്രത്തില്‍ ആദ്യമായി രണ്ടാമത് എത്താന്‍ പാലക്കാട് മണ്ഡലത്തില്‍ സാധിച്ചു. അന്ന് ബിജെപിക്ക് വേണ്ടി ശോഭ സുരേന്ദ്രനായിരുന്നു മത്സരിച്ചത്. 29.8 ശതമാനം വോട്ടുമായാണ് ശോഭ സുരേന്ദ്രന്‍ അന്ന് രണ്ടാം സ്ഥാനത്ത് എത്തിയത്.

പുതിയ വോട്ടുകള്‍
2016ല്‍ 40,074 വോട്ടുകളുമായാണ് ശോഭ സുരേന്ദ്രന്‍ ബിജെപിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. അന്ന് മണ്ഡലത്തില്‍ ബിജെപി 7322 വോട്ടുകള്‍ പുതുതായി ബിജെപി ചേര്‍ത്തിരുന്നു. ഈ മണ്ഡലത്തില്‍ എന്തുകൊണ്ട് ഇ ശ്രീധരനെ പോലയുള്ള ഒരാള്‍ തോറ്റു എന്ന് ബിജെപി ഇപ്പോഴും തലപുകഞ്ഞ് ചിന്തിക്കുന്ന ഒന്നാണ്.

60000 വോട്ടുകള്‍
ഇ ശ്രീധരന്റെ പ്രതിച്ഛായ കണക്കിലെടുത്ത് 60000 ഓളം വോട്ടുകള്‍ നേടി ബിജെപി ജയിക്കേണ്ട മണ്ഡലമായിരുന്നു പാലക്കാട്. എന്നാല്‍ ശ്രീധരന് 50,052 വോട്ടുകളാണ് ലഭിച്ചത്. വോട്ടുകള്‍ ഇത്രയും കുറയാന്‍ കാരണം സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് നടത്തിയ ഇടപെടലാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

ഡീല്‍ നടത്തി
മണ്ഡലത്തിലെ എതിര്‍ സ്ഥാനാര്‍ത്ഥിയുമായി ഉന്നത നേതാവ് നടത്തിയ ഡീല്‍ ആണ് ശ്രീധരന്റെ തോല്‍വിക്ക് കാരണമെന്നാണ് ദേശീയ നേതൃത്വത്തിന് മുന്നില്‍ എത്തിയ പരാതിയില്‍ ആരോപിക്കുന്നത്. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, നേതൃത്വത്തിന് മുന്നില്‍ എത്തിയ പരാതി ബിജെപിയില്‍ ഭിന്നത സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ശ്രീധരന്‍ ജയിച്ചിരുന്നെങ്കില്‍
അതേസമയം, മണ്ഡലത്തില്‍ ശ്രീധരന്‍ ഏതുവിധേനയും ജയിച്ചിരുന്നെങ്കില്‍ ബിജെപിക്ക് കേരളത്തില്‍ വലിയ ആശ്വാസമായേനെ. ആകെയുണ്ടായിരുന്ന നേമവും നഷ്ടപ്പെടുത്തിയ കേരള ബിജെപി നേതൃത്വം ഇപ്പോള്‍ നാണക്കേടിന്റെ വക്കിലാണ്. തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് നേതൃത്വം ഇതുവരെ ചര്‍ച്ച ചെയ്തില്ലെന്നാണ് വിവരം.












Click it and Unblock the Notifications