ബിജെപിയില്‍ ചേര്‍ന്ന് സീമ വിനീത്; കമന്റ് ബോക്‌സില്‍ അധിക്ഷേപം: നിങ്ങളെ അണ്‍ഫോളോ ചെയ്യുന്നു'
തിരുവനന്തപുരം: മേക്കപ്പ് ആര്‍ട്ടിസ്റ്റും സോഷ്യല്‍ മീഡിയ താരവുമായ സീമ വിനീത് ബിജെപിയില്‍ അംഗത്വമെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ അംഗത്വം നല്‍കിയത്. സീമ വിനീതിനെ രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്. സീമ വിനീത്, ഭരതനാട്യം കലാകാരിയായ അദ്രിജ അടക്കം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള 15 പേരാണ് ബിജെപിയില്‍ ചേര്‍ന്നത്.
മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വളരെ പ്രശസ്തയാണ് സീമ വിനീത്. സമൂഹമാധ്യമങ്ങളിലും സജീവമാണ്. ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ സീമ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് സീമ വിവാഹിതയായത്. ബിജെപി അധ്യക്ഷനില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കില്‍ സീമ പങ്കുവെച്ചിട്ടുണ്ട്.

വാര്‍ത്താ സമ്മേളനം നടത്തി രാജീവ് ചന്ദ്രശേഖര്‍ നേരിട്ടാണ് ഇവര്‍ക്ക് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. അതേസമയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് പ്രാതിനിധ്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മറുപടി നല്‍കിയില്ല. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരിക്കും എന്ന് അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ള പരമാവധി ആളുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാണ് ബിജെപിയുടെ ശ്രമം.
ബിജെപിയില്‍ അംഗത്വം എടുത്തതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണമാണ് സീമ നേരിടുന്നത്. കമന്റ് ബോക്‌സില്‍ നിറയെ സീമയെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകളാണ് വരുന്നത്. 'ഇത്രയും നാളും നിങ്ങളെ ഇഷ്ടമായിരുന്നു. ചാണകത്തില്‍ ചവിട്ടിയതോടെ ആ ഇഷ്ടം പോയി. നിങ്ങളെ അണ്‍ഫോളോ ചെയ്യുന്നു' എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്. 'ഇഷ്ടമായിരുന്നു എല്ലാം നശിപ്പിച്ചു' എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടയിലും നിരവധി പേര്‍ സീമയെ പിന്തുണയ്ക്കുന്നുണ്ട്. 'ബിജെപിയില്‍ ചേര്‍ന്നാല്‍ മാത്രം കുഴപ്പം ബാക്കി എവിടെ ചേര്‍ന്നാലും അവരവരുടെ വ്യക്തി സ്വാതന്ത്ര്യം', 'ഒരാള്‍ രാഷ്ട്രീയം തിരഞ്ഞെടുക്കുന്നത് ആളുടെ മാത്രം ചോയിസ് ആണ്. ഓരോ ആളുകള്‍ക്കും നിങ്ങളെ പോലെ പേഴ്‌സണല്‍ ചോയ്‌സ് ഉണ്ടാകും, അത് അംഗീകരിച്ച് കൊടുക്കല്‍ കൂടിയാണ് ഇഷ്ടം എന്ന് പറയുന്നത്'... എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഇങ്ങനെ നിരവധി പേരാണ് സീമയെ പിന്തുണച്ചു വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്.
സോഷ്യല്‍ മീഡിയില്‍ പ്രശസ്തരായ താരങ്ങളെ ആകര്‍ഷിക്കുക വഴി യുവതലമുറയെയും വിവിധ സാമൂഹിക വിഭാഗങ്ങളെയും പാര്‍ട്ടിയോട് അടുപ്പിക്കാനാണ് ബിജെപിയുടെ നീക്കം.












Click it and Unblock the Notifications