ആളെ കിട്ടാനില്ല; സേലം സ്പെഷ്യൽ ട്രെയ്‌ൻ നിർത്തി!
കൊച്ചി: നഷ്ടത്തിന്‍റെ പേരു പറഞ്ഞ് എറണാകുളത്തു നിന്നു സേലത്തേക്കും തിരികെ എറണാകുളത്തേക്കുമുള്ള പ്രതിവാര സ്പെഷ്യൽ ഫെയർ ട്രെയ്നുകൾ റെയ്ൽവെ നിർത്തലാക്കി. എല്ലാ ഞായറാഴ്ചയും സൗത്ത് റെയ്ൽവെ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന 06011 എറണാകുളം-സേലം സ്പെഷ്യൽ ട്രെയ്നും എല്ലാ തിങ്കളാഴ്ചയും പുറപ്പെടുന്ന സേലം-എറണാകുളം സ്പെഷ്യൽ ഫെയർ ട്രെയ്നുമാണ് നിർത്തലാക്കിയത്.
ഈ ട്രെയ്നുകളിൽ ആവശ്യത്തിനു യാത്രക്കാരില്ലാത്തതാണു സർവീസ് നിർത്താൻ കാരണമെന്നു റെയ്ൽവെ അറിയിച്ചു. എറണാകുളം കടന്നു പോകുന്ന 50 ട്രെയ്നുകൾ സേലം വഴിയാണ്. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്താണ് അധിക നിരക്ക് ഈടാക്കി പ്രതിവാര സർവീസ് തുടങ്ങിയത്. രാത്രി എറണാകുളത്ത് നിന്നു പുറപ്പെട്ടു രാവിലെ സേലത്തും അവിടെ നിന്നു രാത്രി മടക്ക യാത്ര തുടങ്ങി രാവിലെ എറണാകുളത്തും എത്തുന്ന രീതിയിലായിരുന്നു ക്രമീകരണം.

ട്രെയ്ൻ ആലപ്പുഴയിലേക്ക് നീട്ടിയിരുന്നെങ്കിൽ കൂടുതൽ ലാഭകരമാകുമായിരുന്നു. സമയക്രമവും യാത്രക്കാർ കുറയാൻ കാരണമായി. രാത്രി 10.45നാണു സൗത്ത് സ്റ്റേഷനിൽ നിന്നു യാത്ര പുറപ്പെടുന്നത്. യാത്രക്കാർക്കു സൗകര്യപ്രദമായ തരത്തിൽ കുറച്ചു കൂടി നേരത്തെ പുറപ്പെട്ടിരുന്നെങ്കിൽ ആവശ്യത്തിനു യാത്രക്കാരെ കിട്ടുമായിരുന്നു. രാത്രി പുറപ്പെടുന്ന ട്രെയ്നിൽ തുടർന്നങ്ങോട്ടുള്ള സ്റ്റേഷനിലും ആൾക്കാർ കുറവാണ്. ഉയർന്ന നിരക്കു നൽകി യാത്ര ചെയ്യുന്ന യാത്രക്കാർക്കു സൗകര്യപ്രദമായ സമയത്തു ട്രെയ്ൻ ഓടിക്കാൻ തയ്യാറാകാതെയാണു സർവീസുകൾ നിർത്തലാക്കിയത്.












Click it and Unblock the Notifications