സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ധാരണയായി; ഫീസ് വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ധാരണയുണ്ടാക്കി. വ്യാഴാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെയും നേതൃത്വത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ അമ്പത് ശതമാനം മെറിറ്റ് സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുത്തുകൊണ്ടാണ് ധാരണ.
20 ശതമാനം മെറിറ്റ് സീറ്റില്‍ 25,000 രൂപയും മാനേജ്‌മെന്റ് ക്വാട്ടയില്‍ 11 ലക്ഷവുമാണ് ഫീസ്. 30 ശതമാനം മെറിറ്റ് സീറ്റിലെ ഫീസില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. ആദ്യം എട്ടുലക്ഷം ചോദിച്ച മാനേജ്‌മെന്റുകള്‍ പിന്നീട് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ നാലര ലക്ഷത്തിലേക്കും രണ്ടര ലക്ഷത്തിലേക്കും ഒതുങ്ങി.

13 മെഡിക്കല്‍ കോളേജുകളിലായി 460 സീറ്റുകള്‍ ഇക്കുറി സര്‍ക്കാരിന് കിട്ടും. ഡെന്റലില്‍ ത്രിതല ഫീസ് ഇടാക്കാനാണ് തീരുമാനം. ധാരണ പ്രകാരം ആറ് ശതമാനം സീറ്റില്‍ 23,000 രൂപയും 14 ശതമാനം സീറ്റില്‍ 44,000 രൂപയുമാണ് ഫീസ്. മുന്‍ വര്‍ഷത്തെ 1.85 ലക്ഷത്തില്‍ നിന്ന് മെറിറ്റില്‍ ഫീസ് 2.10 ലക്ഷമായും ഉയര്‍ന്നു.
പ്രവേശനങ്ങള്‍ മുഴുവന്‍ നീറ്റ് മെറിറ്റില്‍ നിന്നായിരിക്കും നടത്തുക. സെപ്തംബര്‍ മുപ്പതിനകം അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് നിലനിന്നിരുന്ന ആശങ്ക അവസാനിച്ചു.












Click it and Unblock the Notifications