കെഎസ്ആര്‍ടിസിയില്‍ സ്വയം വിരമിക്കല്‍ പദ്ധതി; 7500 പേരുടെ പട്ടിക തയ്യാറാക്കി, നിഷേധിച്ച് മന്ത്രി
ശമ്പള ചെലവില്‍ 50 ശതമാനം വെട്ടിക്കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ധന വകുപ്പ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയിലെ ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി വരുന്നു. 50 വയസ് കഴിഞ്ഞവര്‍ക്കും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് വിരമിക്കാനുള്ള അവസരമുള്ളത്. പദ്ധതിക്ക് വേണ്ടി 7500 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പദ്ധതി നടപ്പാക്കണമെങ്കില്‍ 1100 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്ക്.
ശമ്പള ചെലവില്‍ 50 ശതമാനം വെട്ടിക്കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ധന വകുപ്പ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജീവനക്കാരുടെ എണ്ണം 15,000 ആക്കി കുറയ്ക്കനായിരുന്നു ധനവകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ കെ എസ് ആര്‍ ടി സിക്ക് 26000 ജീവനക്കാരാണുള്ളത്.
അതേസമയം, കെ എസ് ആര്‍ ടി സിയില്‍ നിര്‍ബന്ധിത വി ആര്‍ എസ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. വകുപ്പുകളുടെ ധനവിനിയോഗം സംബന്ധിച്ച് ധന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുന്ന പതിവുണ്ട്. ഇങ്ങനെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശമാണോ പുറത്തുവന്നതെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരോ കെ എസ് ആര്‍ ടി സി മാനേജ്‌മെന്റോ ഔദ്യോഗികമായി ഒരു തീരുമാനവും എടുത്തിട്ടില്ല. അങ്ങനെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. യൂണിയനുകളുമായി ഇത്തമൊരു ആശയ വിനിമയം സര്‍ക്കാര്‍ തലത്തില്‍ നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കെ എസ് ആര്‍ ടി സി വരുത്തിയ കുടിശിക ആറ് മാസത്തിനകം തീര്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. 251 കോടി രൂപയാണ് 2014 മുതലുള്ള കുടിശിക. ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്ക് അടക്കേണ്ട തുക വകമാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി..
ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് നിര്‍ദ്ദേശം.9000 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക ആണ് വകമാറ്റിയത്. സാമ്പത്തിക പ്രതിസന്ധി കാരണം ആണ് തുക അടക്കാന്‍ കഴിയാതിരുന്നത് എന്നായിരുന്നു കെ എസ് ആര്‍ ടി സിയുടെ വിശദീകരണം. എന്നാല്‍ ഈ വിശദീകരണം കോടതി തള്ളകയായിരുന്നു.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയ 2014 മുതലുള്ള കണക്കനുസരിച്ച് 336.36 കോടി രൂപ അടയ്ക്കണം. കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 81.73 കോടി രൂപ മാത്രമാണ് അടച്ചത്. ഹര്‍ജിക്കാരുടെ കുടിശിക മാത്രം നല്‍കാന്‍ 15 കോടി രൂപ വേണം












Click it and Unblock the Notifications