പഴയ സ്വർണം വിൽക്കുന്നുണ്ടോ? ഈ തെറ്റ് ചെയ്യല്ലേ, മികച്ച വില കിട്ടണമെങ്കിൽ..വ്യാപാരി പറയുന്നു
കേരളത്തിൽ സ്വർണ വിലയിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒരാഴ്ച കൊണ്ട് ഏകദേശം 6000 രൂപയ്ക്ക് മുകളിലാണ് പവന് രേഖപ്പെടുത്തിയത്. നിലവിൽ ഗ്രാമിന് 14100 രൂപയാണ് വില, പവൻ വില 1.13 ലക്ഷത്തിന് മുകളിലും. അതേസമയം വില വീണ്ടും ഉയർന്ന് തുടങ്ങിയതോടെ പഴയ സ്വർണം വിൽക്കാനായി ആളുകൾ കൂട്ടത്തോടെ ജ്വല്ലറികളിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്.
പഴയ സ്വർണം വിൽക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും എന്തുകൊണ്ടാണ് പവൻ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പഴയ സ്വർണത്തിൻ്റെ വിലയിൽ വലിയ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നതെന്നും പറയുകയാണ് സ്വർണ വ്യാപാരിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസ് മലയാളത്തോടായിരുന്നു പ്രതികരണം. വായിക്കാം

'സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരുകയാണ്. രാവിലെ വില ഗ്രാമിന് 14220 രൂപയിലേക്ക് എത്തിയിരുന്നു. പക്ഷേ ഉച്ചയ്ക്ക് ആ വില 120 രൂപ ഗ്രാമിന് കുറഞ്ഞ് 14100 എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഈ ചാഞ്ചാട്ടം എത്ര കണ്ട് തുടരും എന്ന് പറയാൻ സാധിക്കുകയുമില്ല. അതായത് ഈ വില ഇങ്ങനെ തുടരുമോ അതോ വീണ്ടും ഏറിയും കുറഞ്ഞും നിൽക്കുമോ എന്ന് മനസ്സിലാവാത്ത രീതിയിലാണ്.
നിലവിലുളള ഒരു വലിയ പ്രതിസന്ധി 24 കാരറ്റ് സ്വർണത്തിൻ്റെ വില 916 സ്വർണവിലയുമായി തട്ടിച്ചു നോക്കുമ്പോൾ വലിയ ഒരു അന്തരത്തിലാണ് നിൽക്കുന്നത്. അതുകൊണ്ട് സ്വർണം വിൽക്കാൻ വരുന്ന ആളുകൾക്ക് ലഭിക്കുന്ന തുകയിലും വലിയ ഒരു ഏറ്റക്കുറച്ചിൽ ഉണ്ടാകുന്ന ഒരു സ്ഥിതിവിശേഷം നിലവിലുണ്ട്. ഇപ്പോഴത്തെ സ്ഥിതിയിൽ ഒരു പവന് 1,12,800 രൂപ കാണിക്കുന്നുണ്ടെങ്കിലും വിൽക്കുമ്പോൾ 1.11 ലക്ഷത്തിന് താഴെ വില മാത്രം കിട്ടുന്ന ഒരു സ്ഥിതിയാണ് ഉള്ളത്. അതുകൊണ്ട് വിൽക്കാൻ വരുന്ന ആളുകളും ആശങ്കയിലാണ്.
ഈയൊരു മാറ്റം ജ്വല്ലറിക്കാർ വരുത്തുന്ന മാറ്റം അല്ല. മാർക്കറ്റിൽ വലിയ ഏറ്റക്കുറച്ചിലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ആ ഏറ്റക്കുറച്ചിലുകൾ കൊണ്ടാണ് സ്വർണം വിൽക്കുമ്പോൾ കുറഞ്ഞ വില ലഭിക്കുന്നത്. വിൽക്കുമ്പോൾ എത്ര വില തരുമെന്ന് ചോദിച്ച് വിളിക്കുന്നവരോട് ഞങ്ങൾ 24 കാരറ്റിന് ഫുൾ വില തരാം എന്നൊക്കെ ചില ജ്വല്ലറിക്കാർ പറയുന്നുണ്ട്. എന്നാൽ നേരിട്ട് പോകുമ്പോൾ വഞ്ചിതരായേക്കും. അതുകൊണ്ട് വിൽക്കാൻ പ്ലാനുള്ളവർ നേരിട്ട് പോയി ജ്വല്ലറികളിൽ അന്വേഷിക്കുക. ഒന്നോ അതിലധികമോ ജ്വല്ലറികളിൽ പോയി വില ഉറപ്പ് വരുത്തിയ ശേഷം മാത്രം വിൽക്കുന്നതായിരിക്കും നല്ലത്.
സ്വർണം ഇനി എങ്ങോട്ട് എന്നത് പ്രവചനാതീതമായ സ്ഥിതിയാണ്. ഈ വർഷം ആദ്യം പറഞ്ഞുകൊണ്ടിരുന്ന സ്ഥിതിയിൽ തന്നെയായിരുന്നു സ്വർണം പോയിക്കോണ്ടിരുന്നത്. പെട്ടെന്നാണ് പശ്ചിമേഷ്യൻ സംഘർഷം ശക്തമായതും സ്വർണ വില താഴേക്ക് പോയതും. എന്നാൽ യുദ്ധം ഏകദേശം വീണ്ടും ഒരു സമാധാനത്തിലേക്ക് എത്തും എന്നുള്ള തരത്തിലൊക്കെയുള്ള വാർത്തകൾ വരികയും ഫോർമോസ് കടലിടുക്ക് തുറക്കുന്നുവെന്ന പ്രതീക്ഷ ശക്തമാകുകയും ചെയ്തതോടെ സ്വർണം വീണ്ടും കുതിച്ച് തുടങ്ങി. പക്ഷേ വീണ്ടും യുദ്ധസമാന സാഹചര്യം ഉണ്ടാവുകയോ സംഘർഷ കൂടുതൽ വ്യാപിക്കുകയോ ചെയ്താൽ സ്വർണവില വീണ്ടും താഴേക്ക് പോകാനും ഉള്ള ഒരു സാധ്യത നിലനിൽക്കുന്നുണ്ട്.
സ്വർണ ആഭരണശാലകളെ സംബന്ധിച്ചിടത്തോളം മുൻകാലങ്ങൾ ഉണ്ടായിരുന്ന ബിസിനസിന്റെ അളവ് നേരെ പകുതിയോടടുത്ത് കുറഞ്ഞിരിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്.മുൻകാലങ്ങളിൽ വെയിറ്റ് ഉള്ള ആഭരണങ്ങൾ വാങ്ങിയിരുന്ന ആളുകളൊക്കെ ലൈറ്റ് വെയിറ്റ് ആഭരണങ്ങളിലേക്ക് ചുവടു
മാറ്റിയതോടുകൂടി സ്വർണഭാരണശാലകൾ തങ്ങളുടെ ടാർജെറ്റുകൾ മാറ്റി നിശ്ചയിക്കുന്ന അവസ്ഥയിലായി. കടകളിലൊക്കെ ചെറിയ തോതിലൊക്കെയുള്ള വാങ്ങലുകൾ നടക്കുന്നുണ്ടെങ്കിൽ തന്നെ മുൻകാലങ്ങളിൽ മേടിച്ചുകൊണ്ടിരുന്ന തരത്തിലൊരു വ്യാപാരം നടക്കുന്നില്ല', അരുണ്‍ മാർക്കോസ് പറഞ്ഞു.


Click it and Unblock the Notifications