ഒരു പവന്‍ സ്വര്‍ണം വിറ്റാല്‍ എത്ര കിട്ടും? ജ്വല്ലറികളില്‍ വന്‍ തിരക്ക്; സ്വര്‍ണം ഇന്നുതന്നെ വില്‍ക്കാം

കൊച്ചി: സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത് സര്‍വകാല റെക്കോര്‍ഡാണ്. ഇത്രയും ഉയര്‍ന്ന വില ഇന്നുവരെ സ്വര്‍ണത്തിന് ഈടാക്കിയിട്ടില്ല. 44240 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ത്തിന്റെ വില. ഗ്രാമിന് 5530 രൂപയും. സാധാരണക്കാര്‍ക്ക് സ്വര്‍ണം എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരത്തിലേക്ക് കുതിച്ചിരിക്കുന്നു. ഈ വേളയില്‍ സ്വര്‍ണം കൈവശമുള്ളവര്‍ സ്വാഭാവികമായും വില്‍ക്കാന്‍ ആഗ്രഹിക്കും.
ചിലര്‍ ഇനിയും വില വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയും ചെയ്യും. ജ്വല്ലറികളില്‍ ഇന്ന് രാവിലെ മുതല്‍ ഫോണ്‍ വിളികളുടെ ബഹളമാണെന്ന് വ്യാപാരികള്‍ പറയുന്നു. വില ചോദിച്ചാണ് പലരും വിളിക്കുന്നത്. വിറ്റാല്‍ എത്ര കിട്ടുമെന്നും ചോദിക്കുന്നു. സ്വര്‍ണം വില്‍ക്കാന്‍ പറ്റിയ ദിവസമാണ് ഇന്ന്. കാരണം ഉയര്‍ന്ന വിലയാണ് ഇന്ന് കിട്ടുക. പക്ഷേ വിപണി വിലയുടെ അത്രതന്നെ കിട്ടില്ല. അറിയാം വിശദാംശങ്ങള്‍...

വിശ്വസിക്കാനാകാതെ ജനങ്ങള്‍
സ്വര്‍ണവില പവന് 44000 പിന്നിട്ടു എന്ന വിവരം വിശ്വസിക്കാന്‍ പല ഉപഭോക്താക്കള്‍ക്കുമായിട്ടില്ല. സത്യം അറിയാന്‍ ഇവര്‍ ജ്വല്ലറികളിലേക്ക് വിളിക്കുകയാണ്. വില വര്‍ധിക്കുന്നുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒറ്റയടിച്ച് 1200 രൂപ പവന് വര്‍ധിച്ചു എന്ന കാര്യം പലര്‍ക്കും വിശ്വാസമായിട്ടില്ല. നിരവധി പേരാണ് വിളിക്കുന്നതെന്ന് തിരൂരിലെ ജ്വല്ലറി വ്യാപാരികള്‍ പറഞ്ഞു.

സ്വര്‍ണം വിറ്റാല്‍ എത്ര കിട്ടും
സ്വര്‍ണം പവന് ഇന്നത്തെ വില 44240 രൂപയാണ്. എന്നാല്‍ വില്‍ക്കുന്ന വേളയില്‍ ഇത്രയും വില കിട്ടില്ല. സ്വാഭാവികമായ കാര്യമാണിത്. ഉപഭോക്താക്കള്‍ക്കെല്ലാം ഇതറിയാം. എന്നാല്‍ എത്ര കിട്ടുമെന്നാണ് എല്ലാവര്‍ക്കുമറിയേണ്ടത്. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് വില്‍പ്പന വില നിശ്ചയിക്കുക. സാധാരണ ഒരു പവന്‍ സ്വര്‍ണത്തിന് ആയിരം രൂപയുടെ കുറവ് വില്‍പ്പന വിലയിലുണ്ടാകുമെന്ന് വ്യാപാരികള്‍ പറയുന്നു.

രണ്ട് ശതമാനം കുറയ്ക്കും
അതേസമയം, പ്രമുഖ ജ്വല്ലറികള്‍ വില്‍ക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം ഇന്നത്തെ സ്വര്‍ണവിലയുമായി കണക്കാക്കും. ശേഷം രണ്ട് ശതമാനം വില കുറച്ചാണ് സ്വീകരിക്കുക. അതായത്, ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 44240 രൂപയാണ്. വില്‍ക്കുന്ന വേളയില്‍ രണ്ട് ശതമാനം കുറച്ചാണ് ജ്വല്ലറികല്‍ സ്വീകരിക്കുക. പവന് 880-900 രൂപയുടെ കുറവ് വരുമെന്ന് ചുരുക്കം.

വാങ്ങിയ ജ്വല്ലറികളില്‍ തന്നെ...
സ്വന്തം സ്വര്‍ണമാണെങ്കില്‍ മാത്രമാണ് രണ്ട് ശതമാനം കുറച്ച് ഉപഭോക്താക്കളില്‍ നിന്ന് സ്വീകരിക്കുക. അതേസമയം, മറ്റു ജ്വല്ലറികളില്‍ നിന്നുള്ള സ്വര്‍ണാഭരണമാണ് വില്‍ക്കാന്‍ കൊണ്ടുവരുന്നതെങ്കില്‍ നാല് ശതമാനം വരെ വില കുറച്ചാണ് പ്രമുഖ ജ്വല്ലറികള്‍ സ്വീകരിക്കുക. സ്വര്‍ണം വാങ്ങിയ ജ്വല്ലറികൡ തന്നെ വില്‍ക്കുന്നതാണ് ഉപഭോക്താവിന് ലാഭം. എത്ര തന്നെയായാലും വിപണി വില ലഭിക്കില്ല എന്ന് പ്രത്യേകം മനസിലാക്കണം.

ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ എത്ര ചെലവാകും
സ്വര്‍ണവില ഇത്രയും ഉയര്‍ന്ന സാഹചര്യമാണെങ്കിലും അവശ്യം വേണ്ടവര്‍ വാങ്ങാതിരിക്കില്ല. ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കേണ്ടി വരും എന്ന ചോദ്യവും പ്രസക്തമാണ്. പവന്‍ വിലയില്‍ മാറ്റമുണ്ടാകില്ല. സ്വര്‍ണാഭരണത്തിന്റെ മോഡലിനെ ആശ്രയിച്ചാണ് പണിക്കൂലി നിശ്ചയിക്കുക. എത്ര സ്വര്‍ണമാണോ വാങ്ങുന്നത്, ഇതിന്റെ അഞ്ച് ശതമാനം വരെ പണിക്കൂലി സാധാരണ ഈടാക്കാറുണ്ട്. ഡിസൈന്‍ മാറുമ്പോള്‍ പണിക്കൂലിയിലും മാറ്റം വരും.

സ്വര്‍ണത്തിന് വില കൂടാന്‍ കാരണം
എന്തുകൊണ്ടാണ് സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നത് എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. ഇതിന് പല കാരണങ്ങളുണ്ട്. ആഗോള വിപണിയില്‍ ഡോളറിന്റെ മൂല്യം ഇടിഞ്ഞാല്‍ സ്വര്‍ണവില കൂടും. രൂപയുടെ മൂല്യം ഇടിഞ്ഞാലും ഇന്ത്യയില്‍ സ്വര്‍ണവില ഉയരും. അമേരിക്കന്‍ ബാങ്കുകള്‍ തകര്‍ന്നതോടെ സാമ്പത്തിക മാന്ദ്യം വരുന്നു എന്ന ഭീതി വിപണിയിലുണ്ട്. ഇതും സ്വര്‍ണവില വര്‍ധിക്കാന്‍ പ്രധാന കാരണമാണ്. ആശങ്കയിലായ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് കാരണം.

കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നു
ഡോളര്‍ മൂല്യം ഇടിഞ്ഞാല്‍ സ്വാഭാവികമായും മറ്റു പ്രധാന കറന്‍സികള്‍ക്ക് മൂല്യം കൂടും. ഈ കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. മാന്ദ്യ ഭീതിയിലുള്ളതിനാല്‍ വിവിധ കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങി സൂക്ഷിക്കും. സ്വര്‍ണം എന്നും ശോഭയോടെ വില ഉയര്‍ന്ന് നില്‍ക്കുമെന്ന് നിക്ഷേപകര്‍ക്ക് ഉറപ്പാണ്. ആശങ്കയിലുള്ള നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില ഉയരാന്‍ കാരണമാകുന്നു.












Click it and Unblock the Notifications