തരൂരിനെ പുകഴ്ത്തി കുടുക്കിലായി ഒ രാജഗോപാല്‍: വിവാദമായപ്പോള്‍ തിരുത്തി, ബിജെപിയെ ജയിക്കൂ
തിരുവനന്തപുരം: പൊതുവേദിയില്‍ ശശി തരൂർ എംപിയെ പുകഴ്ത്തി വെട്ടിലായി ബി ജെ പി നേതാവും മുന്‍ നേമം എം എല്‍ എയുമായ ഒ രാജഗോപാല്‍. തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിയാണ് ശശി തരൂർ. അതുകൊണ്ടാണ് അദ്ദേഹം തിരുവനന്തപുരത്ത് വീണ്ടും വിജയിക്കുന്നത് എന്നായിരുന്നു ഒ രാജഗോപാല്‍ പറഞ്ഞത്. ഈ സാഹചര്യത്തില്‍ ഇനി അടുത്ത കാലത്ത് വേറെ ആർക്കെങ്കിലും തിരുവനന്തപുരത്ത് അവസരം ലഭിക്കുമോയെന്ന് സംശയമുണ്ടെന്നും ഒ രാജഗോപാൽ പറഞ്ഞിരുന്നു.
തരൂരിന്‍റെ സേവനം കൂടുതൽ ലഭ്യമാകട്ടയെന്ന് പ്രാർഥിക്കുന്നതായും ഒ രാജഗോപാൽ പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ മുതിർന്ന നേതാവ് നടത്തിയ പ്രസ്താവന കോണ്‍ഗ്രസ് പ്രവർത്തകർ വലിയ തോതില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ബി ജെ പി വലിയ പ്രതിരോധത്തിലാകുകയും ചെയ്തു. ഇതോടെ ഫേസ്ബുക്കിലൂടെ തിരുത്തുമായി ഒ രാജഗോപാല്‍ തന്നെ രംഗത്ത് വരികയായിരുന്നു.

തരൂരിനെക്കുറിച്ചുള്ള പരാമർശം താൻ ഉദ്ദേശിച്ച രീതിയിൽ അല്ല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നാണ് ഓ രാജഗോപാല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. ' ഒരു പാലക്കാട്ട് കാരനെന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്തുത പ്രസംഗത്തിലുള്ളത്...ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിയ്ക്കും എന്നതാണ് എൻ്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ നിലപാട്.' എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്.
രാജഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഇന്ന് തിരുവനന്തപുരത്ത് നടന്ന എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് ദാന ചടങ്ങിനിടയിൽ ഞാൻ നടത്തിയ പ്രസംഗത്തിൽ തിരുവനന്തപുരം എം പി ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം ഞാനുദ്ദേശിച്ച അർത്ഥത്തിലല്ല മാധ്യമങ്ങൾ വ്യാഖ്യാനിച്ചത്. ഒന്നിൽ കൂടുതൽ തവണ വിജയിച്ചയാൾ എന്ന അർത്ഥത്തിലാണ് ഞാൻ സംസാരിച്ചത്.
എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും,നരേന്ദ്ര മോഡി സർക്കാരിൻ്റെ പ്രവർത്തന മികവിലും പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിയ്ക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്. മാത്രവുമല്ല നിലവിൽ തരൂരിൻ്റെ മണ്ഡലത്തിലെ സാന്നിദ്ധ്യവും നാമ മാത്രമാണ് എന്നത് അദ്ദേഹത്തിൻ്റെ സാധ്യതയെ പ്രതികൂലമായി ബാധിയ്ക്കും.
ഒരു പാലക്കാട്ട് കാരനെന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്തുത പ്രസംഗത്തിലുള്ളത്...ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിയ്ക്കും എന്നതാണ് എൻ്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ നിലപാട്....












Click it and Unblock the Notifications