വയോജന സംരക്ഷണം ഉറപ്പാക്കാന്‍ കേരളം; മാനസികമായി പീഡിപ്പിച്ചാലും തടവ് ശിക്ഷ
വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ പുതിയ നിയമം കൊണ്ടുവരുന്നു. വയോജനങ്ങളെ വീടുകളില്‍നിന്ന് ഇറക്കിവിടുകയോ ഉപേക്ഷിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ചെയ്യുന്ന കുടുംബാംഗങ്ങള്‍ക്കും പരിചാരകര്‍ക്കും മൂന്ന് വര്‍ഷം വരെ തടവും 50000 രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. നാളെ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും.
'കേരള സീനിയര്‍ സിറ്റിസണ്‍സ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ്) ബില്‍ 2026' എന്ന പേരിലാണ് നിയമം വരുന്നത്. ശാരീരിക പീഡനം മാത്രമല്ല, വയോജനങ്ങളോടുള്ള മാനസിക പീഡനവും ക്രൂരതയുടെ പരിധിയില്‍ ഉള്‍പ്പെടുത്തും. വയോധികരെ വീടുവിട്ട് പോകാന്‍ നിര്‍ബന്ധിക്കുക, വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കുക, അവരുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കും ശിക്ഷ ലഭിക്കും.

മക്കള്‍, ദത്തുമക്കള്‍, മരുമക്കള്‍, പേരക്കുട്ടികള്‍ എന്നിവരെയാണ് കുടുംബാംഗങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരില്ലാത്ത സാഹചര്യത്തില്‍ സഹോദരങ്ങളെയും കുടുംബാംഗങ്ങളായി കണക്കാക്കും. അനധികൃത വയോജന പരിപാലന കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ലഭിക്കും. വയോജനങ്ങളുടെ സ്വത്ത് തട്ടിയെടുക്കാന്‍ കുടുംബാംഗങ്ങളോ പരിചാരകരോ ശ്രമിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും.
പുതുതായി നിര്‍മിക്കുന്ന വീടുകളില്‍ കുറഞ്ഞത് ഒരു വയോജന സൗഹൃദ മുറിയെങ്കിലും ഉറപ്പാക്കാനും പൊതുസ്ഥലങ്ങള്‍ വയോജനങ്ങള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ സജ്ജീകരിക്കാനും ബില്‍ ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ ഡിജിറ്റല്‍ സേവനങ്ങളും വയോജന സൗഹൃദമാക്കും. സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നും രജിസ്റ്റര്‍ ചെയ്ത പരിപാലന സ്ഥാപനങ്ങളില്‍നിന്നും താങ്ങാവുന്ന നിരക്കില്‍ പരിചരണസേവനങ്ങള്‍ ലഭിക്കാനുള്ള അവകാശവും നിയമം ഉറപ്പാക്കും.
വയോജന സംരക്ഷണത്തിന് സംസ്ഥാന, ജില്ലാ തലങ്ങളില്‍ പ്രത്യേക സംരക്ഷണ യൂണിറ്റുകള്‍ രൂപീകരിക്കും. പോലീസ് സ്‌റ്റേഷനുകളില്‍ എഎസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെ വയോജനങ്ങളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നോഡല്‍ ഓഫീസറാക്കും. സൈബര്‍, നിര്‍മിതബുദ്ധി അധിഷ്ഠിത തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ സൈബര്‍ പോലീസ് സ്റ്റേഷനുകളിലും വയോജനങ്ങള്‍ക്കായി പ്രത്യേക സെല്ലുകള്‍ രൂപീകരിക്കും.
ശ്രവണസഹായികള്‍, കണ്ണടകള്‍ തുടങ്ങിയവ താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുക, നിയമസഹായം ഉറപ്പാക്കുക, വയോജന വനിതകള്‍ക്ക് സംരക്ഷണത്തിലും പരിചരണത്തിലും മുന്‍ഗണന നല്‍കുക എന്നിവയും ബില്ലിലെ വ്യവസ്ഥകളാണ്. വയോജനങ്ങള്‍ക്ക് താങ്ങാവുന്ന ദീര്‍ഘകാല പരിചരണ ഇന്‍ഷുറന്‍സ് പദ്ധതികള്‍ കൊണ്ടുവരുന്നതും സര്‍ക്കാര്‍ പരിഗണിക്കും.


Click it and Unblock the Notifications
