മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങുന്നത് മലപ്പുറത്തെ കോണ്‍ഗ്രസിന്റെ അതികായന്‍
കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ഇന്ന് രാവിലെ 7.40 ന് ആയിരുന്നു മരണം സ്ഥിരീകരിച്ചത്.
ഒരാഴ്ചയായി ചികിത്സയിലായിരുന്നു ആര്യാടന്‍ മുഹമ്മദ്. മൃതദേഹം ഇന്ന് നിലമ്പൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു. കബറടക്കം നാളെ രാവിലെ 9ന് നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദില്‍ നടക്കും.

കേരളത്തിലെ മൂന്ന് മന്ത്രിസഭകളില്‍ മന്ത്രിയായിരുന്ന ആര്യാടന്‍ മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്നു. 1935 മേയ് 15 ന് നിലമ്പൂരിലാണ് ആര്യാടന്‍ മുഹമ്മദിന്റെ ജനനം. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ച ആര്യാടന്‍ കോണ്‍ഗ്രസ് അംഗമാകുന്നത് 1952-ലാണ്. 1958 മുതല്‍ കെ പി സി സി അംഗമായി തുടരുന്നു.

മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എട്ട് തവണ എം എല്‍ എയും മൂന്ന് തവണ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് മലപ്പുറത്ത് കോണ്‍ഗ്രസിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിച്ചു. 1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളിലാണ് നിലമ്പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.

1965ലും, 1967ലും നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാല്‍ കെ. കുഞ്ഞാലിയോട് തോറ്റു. 1969ല്‍ ജൂലൈ 28ന് കുഞ്ഞാലി വധകേസില്‍ പ്രതിയായി ജയില്‍വാസവും അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് കേസില്‍ ആര്യാടനെ ഹൈക്കോടതി കുറ്റവിമുക്താനാക്കി. 1980-82 കാലത്ത് ഇ കെ നായനാര്‍ മന്ത്രിസഭയിലെ തൊഴില്‍, വനം മന്ത്രിയായിരുന്നു.

പിന്നീട് എ കെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ (2004-06) വൈദ്യുതി മന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് മകനാണ്. മുസ്ലിം ലീഗിന്റെ മലപ്പുറത്തെ അപ്രമാദിത്യത്തെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്നു ആര്യാടന്‍ മുഹമ്മദ്.












Click it and Unblock the Notifications