വെമുലയും ജെഎൻയുവും കശ്മീരും കേന്ദ്രത്തിന് അയിത്തം!! രാജ്യത്ത് സാംസ്കാരിക അടിയന്തരാവസ്ഥയെന്ന് കമൽ!!
രാജ്യം അനുഭവിക്കുന്ന അസഹിഷ്ണുതയെ ചോദ്യം ചെയ്യുന്ന ആവിഷ്കാരങ്ങൾക്ക് വിലക്കേർപ്പെടുത്താനുള്ള പ്രവണതയാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്നാണ് കമൽ പറയുന്നത്.
തിരുവനന്തപുരം: രാജ്യത്ത് സാംസ്കാരിക അടിയന്തരാവസ്ഥയാണെന്ന് സംവിധായകൻ കമൽ. പത്താമത് അന്തര്‍ദേശീയ ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയിൽ പ്രദർശിപ്പിക്കാനിരുന്ന മൂന്ന് ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് കമലിന്റെ പ്രതികരണം. കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഹൈദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുലയെ കുറിച്ച് പിഎൻ രാമ ചന്ദ്രൻ സംവിധാനം ചെയ്ത 'ദി അൺ ബെയറബിൽ ബീയിങ് ഓഫ് ലൈറ്റ്നസ്', ജെഎൻയുവിലെ വിദ്യാർഥി പ്രക്ഷോഭത്തെ കുറിച്ച് കാത്തു ലൂക്കോസ് സംവിധാനം ചെയ്ത 'മാർച്ച്.... മാർച്ച്...മാർച്ച്,' കശ്മീരിനെ കുറിച്ച് എൻ സി ഫാസിൽ , ഷാൻ സെബാസ്റ്റ്യൻ എന്നിവർ സംവിധാനം ചെയ്ത 'ഇൻ ദി ഷെയ്ഡ് ഓഫ് ഫാളൻ ചിനാർ' എന്നീ ഡോക്യുമെൻററികൾക്കാണ് കേന്ദ്രം അനുമതി നിഷേധിച്ചിരിക്കുന്നത്.

സാധാരണ സെൻസർ ചെയ്യാത്ത ചിത്രങ്ങൾ മേളകളിൽ പ്രദർശിപ്പിക്കുന്നതിന് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതി വാങ്ങണം. ഇക്കുറിയും ഈ മൂന്ന് ചിത്രങ്ങളടക്കമുള്ള സെൻസർ ചെയ്യാത്ത ചിത്രങ്ങളുടെ പട്ടിക കേന്ദ്രത്തിന് കൈമാറിയപ്പോൾ ഈ മൂന്ന് ചിത്രങ്ങൾ ഒഴികെ മറ്റെല്ലാ ചിത്രങ്ങൾക്കും അനുമതി നിഷേധിക്കുകയായിരുന്നു.
അനുമതിക്കായി വീണ്ടും അപേക്ഷ നൽകിയെങ്കിലും പരിഗണിക്കുന്ന കാര്യം സംശമാണെന്നും കമൽ പറഞ്ഞു. രാജ്യം അനുഭവിക്കുന്ന അസഹിഷ്ണുതയെ ചോദ്യം ചെയ്യുന്ന ആവിഷ്കാരങ്ങൾക്ക് വിലക്കേർപ്പെടുത്താനുള്ള പ്രവണതയാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്നാണ് കമൽ പറയുന്നത്.
ജനങ്ങളെ വരിഞ്ഞ് മുറുക്കിയ ഭീതിയുടെ രാഷ്ട്രീയം കലാകാരന്മാരെയും ബാധിക്കുകയാണെന്ന് കമൽ പറഞ്ഞു. ഇങ്ങനെ പോയാൽ ബാവി എന്താകുമെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം നിയന്ത്രണങ്ങൾ ഏറെ ബാധിക്കുന്നത് കേരളത്തെ യാണെന്നും അദ്ദേഹം പറഞ്ഞു. കാരണം കേരളത്തിലാണ് ഏറ്റവുമധികം സ്വതന്ത്ര മേളകൾ നടക്കുന്നതെന്നും കമൽ.












Click it and Unblock the Notifications