അരുവിക്കരയില്‍ രാജഗോപാലിനുവേണ്ടി സീരിയല്‍ താരങ്ങള്‍
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ ഇടതുപക്ഷ സ്ഥാനാര്‍ഥി വിജയുമാറിനുവേണ്ടി പ്രമുഖ സിനിമാ താരങ്ങള്‍ വോട്ടുപിടിക്കാനിറങ്ങിയതിന്റെ തൊട്ടുപിന്നാലെ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലിനു വേണ്ടിയും താരങ്ങള്‍ രംഗത്തെത്തി. എന്നാല്‍ സീരിയല്‍ താരങ്ങളാണെന്നുമാത്രം. സിനിമാ സീരിയല്‍ നടന്‍ കൊല്ലം തുളസിയും ജനപ്രിയ സീരിയലായ ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേഘ്‌നയുമാണ് വെള്ളിയാഴ്ച രാജഗോപാലിനുവേണ്ടി വോട്ടുപിടിച്ചത്.
സൂപ്പര്‍ താരം സുരേഷ് ഗോപി വരുംദിവസം തന്നെ ബിജെപിക്കുവേണ്ടി പ്രചരണത്തിനിറങ്ങും. കൊട്ടിക്കലാശത്തില്‍ സുരേഷ് ഗോപിയെ പങ്കെടുപ്പിക്കാനാണ് ബിജെപിയുടെ നീക്കം. കോണ്‍ഗ്രസുകാരനായ ജഗദീഷ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ശബരീനാഥിനുവേണ്ടി സ്ഥലത്തെത്തുമോയെന്ന് വ്യക്തമല്ല. കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ പോകുമെന്നാണ് ജഗദീഷ് പറയുന്നത്.

കെപിഎസി ലളിത, ശ്രീകുമാര്‍, മധുപാല്‍, ഇര്‍ഷാദ്, അനൂപ് ചന്ദ്രന്‍ തുടങ്ങിയ താരങ്ങള്‍ വ്യാഴാഴ്ച വിജയകുമാറിന്റെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൃത്യമായ രാഷ്ട്രീയ പ്രസംഗത്തിലൂടെ ഇവര്‍ തങ്ങള്‍ വെറും സിനിമാക്കാര്‍ മാത്രമല്ല, രാഷ്ട്രീയ ചായ്‌വുള്ളവരാണെന്നും വ്യക്തമാക്കി. കെപിഎസി ലളിതയുടെ പ്രസംഗത്തിനും സദസ്സിന്റെ നിറഞ്ഞ കൈയ്യടി ലഭിച്ചു.
വരും ദിവസങ്ങളില്‍ മുകേഷ്, കലാഭവന്‍ മണി എന്നിവരും വിജയകുമാറിനായി പ്രചരണത്തിന് ഇറങ്ങും. കൂടുതല്‍ സീരിയല്‍ താരങ്ങളെ ആകര്‍ഷിക്കാന്‍ ബിജെപിയും ശ്രമിക്കുന്നു. ഇതുവഴി സ്ത്രീകളുടെ വോട്ട് ഉറപ്പിക്കാനാകുമെന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ കുടുംബയോഗങ്ങളിലാണ് സീരിയല്‍ താരങ്ങളുടെ സാന്നിധ്യം ഏറെയും.












Click it and Unblock the Notifications