നാലാം ശനി അവധി, 15 മിനിറ്റ് കൂടുതൽ ജോലി; എതിർപ്പറിയിച്ച് സംഘടനകൾ...
തിരുവനന്തപുരം: ആശ്രിത നിയമനത്തിൽ പരിഷ്‌കാരം കൊണ്ടുവരാനും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധിയാക്കാനുമുള്ള സംസ്ഥാന സർക്കാറിന്റെ നീക്കത്തെ എതിർത്ത് സർവീസ് സംഘടനകൾ.
ആശ്രിത നിയമനം അഞ്ചു ശതമാനമാക്കി പരിമിതപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് എതിർപ്പ് ഉയർന്നിരിക്കുന്നത്. സർവീസ് സംഘടനകൾ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ആശ്രിത നിയമനത്തിൽ നിലവിലെ രീതി തുടരണമെന്നും സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു.

പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത സർവീസ് സംഘടനകളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ആശ്രിത നിയമനം അഞ്ചുശതമാനമാക്കി പരിമിതപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
ഇത് മുൻനിർത്തിയാണ് ആശ്രിത നിയമനം പരിഷ്‌കരിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചത്.ഒരു വർഷത്തിനുള്ളിൽ ആശ്രിത നിയമനത്തിന് അപേക്ഷ നൽകാൻ സാധിച്ചില്ലെങ്കിൽ പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനുള്ള നിർദേശമാണ് സർക്കാർ മുന്നോട്ടുവെച്ചത്.
ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഭരണപക്ഷ അനുകൂല സംഘടനകൾ അടക്കമുള്ള സർവീസ് സംഘടനകൾ പറഞ്ഞു. ആശ്രിത നിയമനത്തിൽ നിലവിലെ രീതി തുടരണം എന്ന് സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു.
അതേസമയം,സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധിയാക്കാനുള്ള നിർദേശവും സർവീസ് സംഘടനകൾ എതിർത്തു. നാലാം ശനിയാഴ്ച അവധിയാക്കുക ആണെങ്കിൽ വർഷം 12 അവധി ദിനങ്ങൾ അധികം ലഭിക്കും. ഇതിന് പകരം കാഷ്വൽ ലീവുകളുടെ എണ്ണം ചുരുക്കണം എന്ന് സർക്കാർ നിർദേശിച്ചു.
20ൽ നിന്ന് 15 ആക്കി കുറയ്ക്കണമെന്നാണ് സർക്കാർ നിർദേശിച്ചത്. ഇതിന് പുറമേ അവധിക്ക് പകരമായി പ്രവൃത്തിസമയം രാവിലെയും വൈകീട്ട് 15 മിനിറ്റ് വീതം കൂട്ടണമെന്ന നിർദേശവും സർക്കാർ മുന്നോട്ടുവെച്ചു. ഇതും അംഗീകരിക്കാൻ കഴിയില്ലെന്ന് സർവീസ് സംഘടനകൾ പറഞ്ഞു. ഇതോടെ യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.
അതേസമയം, നാലാം ശനിയാഴ്ച അവധി നൽകിയാൽ സർക്കാരിന് സാമ്പത്തിക ലാഭമും ഉണ്ടകും എന്നാണ് വിലയിരുത്തൽ. ഓഫീസ് ആവശ്യങ്ങൾക്കായി വരുന്ന വലിയ ഇന്ധന ചിലവ്, വൈദ്യുതി ചിലവ്, വെള്ളം എന്നിവ ലാഭിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്
നാലാം ശനി അവധി നൽകുമ്പോൾ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തി ജോലി സമയം ക്രമീകരിക്കാൻ നേരത്തെ ആലോചന ഉണ്ടായിരുന്നു. നിലവിലെ 10.15 മുതൽ 5.15 വരെ യാണ് സമയക്രമം. ഇത് ശുപാർശ നടപ്പിലായാൽ ഒരു മണിക്കൂർ വർധിപ്പിച്ച് രാവിലെ 9.15 മുതൽ 5.15 വരെയായി ജോലി സമയം ക്രമീകരിക്കും.












Click it and Unblock the Notifications