സുരേഷ് ഗോപിക്ക് അപ്രതീക്ഷിത തിരിച്ചടി; നികുതി വെട്ടിപ്പ് കേസില്‍ രക്ഷയില്ല, കേസ് റദ്ദാക്കില്ല
കൊച്ചി: നികുതി വെട്ടിപ്പ് കേസില്‍ നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. പുതുച്ചേരിയിലെ വിവാദ വാഹന രജിസ്‌േേട്രഷന്‍ കേസ് റദ്ദാക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി സമര്‍പ്പിച്ച ഹര്‍ജി എറണാകുളം അഡിഷണനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അംഗീരിച്ചില്ല.
വ്യാജ വിലാസം ഉപയോഗിച്ച് സുരേഷ് ഗോപി രണ്ട് ആഡംബര കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് കേസ്. ഇതുവഴി കേരളത്തിന് ലഭിക്കേണ്ടിയിരുന്ന ലക്ഷണക്കിന് രൂപയുടെ നികുതി വെട്ടിച്ചുവെന്ന് ക്രൈബ്രാഞ്ച് ആരോപിക്കുന്നു. 30 ലക്ഷം രൂപയുടെ നികുതി നഷ്ടമാണ് കേരളത്തിന് ഇതുവഴിയുണ്ടായത് എന്നാണ് അന്വേഷണ സംഘം പറയുന്നത്.

നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി തള്ളിയതോടെ അടുത്ത മാസം 28ന് വിചാരണ നടപടികള്‍ക്ക് തുടക്കമാകും. 2010, 2016 വര്‍ഷങ്ങളിലാണ് രണ്ട് കാറുകള്‍ പുതുച്ചേരി രജിസ്‌ട്രേഷനില്‍ സുരേഷ് ഗോപി വാങ്ങിയതത്രെ.
പുതുച്ചേരിയിലെ ചാവടിയിലുള്ള കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുന്നു എന്ന രേഖയുണ്ടാക്കിയാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത് എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. പുതുച്ചേരിയിലെ കൃഷിയിടത്തിന്റെ വിലാസത്തിലാണ് കാറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ക്രൈംബ്രാഞ്ചിന് സുരേഷ് ഗോപി മൊഴി നല്‍കിയിരുന്നു. എന്നാല്‍ സുരേഷ് ഗോപി പറഞ്ഞ വിലാസത്തില്‍ ഭൂമി ഇല്ലെന്ന് അന്വേഷണ സംഘം പറയുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കേസ് വീണ്ടും തലപൊക്കുന്നത് സുരേഷ് ഗോപിക്ക് തിരിച്ചടിയാണ്. വളരെ പ്രതീക്ഷയിലാണ് സുരേഷ് ഗോപി തൃശൂരില്‍ മല്‍സരിക്കുന്നത്. ഇത്തവണ ജയിക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ബിജെപി കേരളത്തില്‍ വളരെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍.
അതേസമയം, കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാക്കുകയാണ് നടന്റെ രാഷ്ട്രീയ പ്രതിയോഗികള്‍. നികുതി വെട്ടിപ്പ് നടത്തുന്ന വ്യക്തിയാണോ മല്‍സരിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ വിധി വരുന്നതിന് മുമ്പ് തീരുമാനത്തിലെത്തുന്നത് ശരിയല്ല എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരുമുണ്ട്.












Click it and Unblock the Notifications