സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു: അയോഗ്യതയും ഫീസ് ഇളവും ആർക്കൊക്കെ, അറിയേണ്ടതെല്ലാം
തിരുവനന്തപുരം: സെറ്റ് ( സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് മാർച്ച് 30 മുതൽ അപേക്ഷിക്കാം. പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 25ന് അഞ്ചു മണിവരെയാണ്. 14 ജില്ലാ കേന്ദ്രങ്ങളിലും 2023 ജൂലൈയിൽ പരീക്ഷ നടത്താനാണ് തീരുമാനം. ലാൽ ബഹദൂർ ശാസ്ത്ര സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയാണ് പരീക്ഷ നടത്തുന്നത്.
കേരളത്തിലെ ഹയര്‍സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയാണ് സെറ്റ്. പിജി യോഗ്യത നേടിയിട്ട് ഇപ്പോള്‍ ഫൈനല്‍ ബിഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും, ബിഎഡ് നേടിയിട്ട് ഇപ്പോള്‍ ഫൈനല്‍ പിജി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷ സമർപ്പിക്കാം.

കേരളത്തിലെ സര്‍വകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്‌പോണ്ടന്‍സ്/ ഓപ്പണ്‍ ബിരുദങ്ങള്‍ യോഗ്യതയായി പരിഗണിക്കില്ല. സെറ്റിന്റെ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പ്രോസ്പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത.
ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.
ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും, എസ് സി /എസ് ടി /പി ഡബ്ലി യു ഡി എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈൻ ആയി ഒടുക്കേണ്ടതാണ്. പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടി ഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി. വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗ ത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.
പി.ഡബ്ലിയു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം എൽ.ബി.എസ് സെന്ററിൽ ലഭിക്കത്തക്കവിധം അയയ്ക്കണം. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ.ബി.എസ് സെന്ററിന്റെ വെബ് സൈറ്റിൽ 'ഓൺ ലൈൻ' ആയി രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള നിർദ്ദേശം പ്രോസ്‌പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 25ന് 5 മണിക്ക് മുൻപായി പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.












Click it and Unblock the Notifications