ഹരിത വിവാദത്തില്‍ മുസ്ലീം ലീഗിന് തിരിച്ചടി; പുറത്താക്കിയ നേതാവിനെ തിരിച്ചെടുക്കണമെന്ന് കോടതി
കോഴിക്കോട്: എം എസ് എഫ് ഹരിത വിവാദത്തില്‍ ലീഗ് നേതൃത്വത്തിന് തിരിച്ചടി. ഹരിത വിഷയത്തില്‍ വനിതാ നേതാക്കളെ പിന്തുണച്ചുവെന്ന കാരണത്താല്‍ പുറത്താക്കപ്പെട്ട സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ തിരിച്ചെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. വയനാട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. ഹരിത നേതാക്കള്‍ക്കെതിരെ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു ആരോപണം. ഇതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട പെണ്‍കുട്ടികളെ പിന്തുണച്ചതിനാണ് ഷൈജലിനെ പുറത്താക്കിയത്.
ഹരിത നേതാക്കള്‍ ഉയര്‍ത്തിയ ആരോപണം പാര്‍ട്ടി അന്വേഷിക്കുകയും പിന്നാലെ അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട ഷൈജലിനെ പുറത്താക്കിയത്. കോടതി ഉത്തരവ് വന്നതോടെ ഷൈജലിന് ഇനി പാര്‍ട്ടി വേദികളിലും പരിപാടികളിലും പങ്കെടുക്കാനാവും. ഒരു വിശദീകരണവും കേള്‍ക്കാതെയായിരുന്നു തങ്ങളെ പുറത്താക്കിയതെന്നും ഇത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായിരുന്നുവെന്നും പി പി ഷൈജല്‍ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി മാത്രമായിരുന്നു തങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ സംസാരിച്ചത്. ഇതിനാണ് പുറത്താക്കിയത്. ഒരാള്‍ക്കെതിരേ നടപടിയെടുക്കുന്നത് പകരം നീതിക്ക് വേണ്ടി ശബ്ദിച്ച മുപ്പത് പേരെ പുറത്താക്കുകയാണ് പാര്‍ട്ടി ചെയ്തതെന്നും ഷൈജല്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളെടുത്ത നിലപാട് പാര്‍ട്ടി വിരുദ്ധമായിരുന്നില്ലെന്നും മുസ്ലീം വിദ്യാര്‍ഥികളുടെ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശത്തിനും വേണ്ടി പോരാടുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്നാണ് തങ്ങള്‍ പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളെ പോലെയുള്ള പ്രവര്‍ത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന വിധിയാണ് കോടതിയില്‍ നിന്നുണ്ടായതെന്നും ഷൈജല്‍ ചൂണ്ടിക്കാട്ടി.
Recommended Video


സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ പി കെ നവാസിനെതിരെ നല്‍കിയ കേസില്‍ ഹരിത മുന്‍ ഭാരവാഹികള്‍ ഉറച്ചുനിന്നതോടെയാണ് അവരെ സ്ഥാനത്ത് നിന്ന് നീക്കിയത്. നജ്മ തബ്ഷീറക്കെതിരെ പി കെ നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നായിരുന്നു ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചു. ഇതോടെയാണ് വിഷയം പുറത്തായത്. വിവാദം ശക്തമായതോടെ ഹരിത നേതാക്കളുമായി ലീഗ് നേതൃത്വം യോഗം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപിതനായ പി കെ നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു മുസ്ലീം ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

എം എസ് എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഹരിത, വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നാണ് ലീഗിന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഹരിത ഇതിന് വഴങ്ങിയിരുന്നില്ല. ഇതോടെയായിരുന്നു ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടത്. ഇതിനിടെ ഹരിത നേതാക്കളെ പിന്തുണച്ച ലത്തീഫ് തുറയൂരിനെ എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയ്‌ക്കെതിരേയും നടപടിയെടുത്തിരുന്നു. ഹരിത നേതാക്കളെ പിന്തുണച്ചതിനാണ് ഫാത്തിമ തഹ്ലിയയെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്.

ഹരിത വിവാദത്തില്‍ ഫാത്തിമ തഹ്ലിയ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് ലീഗ് പറഞ്ഞിരുന്നു. 2016 മുതല്‍ ഹരിതയുടെയും എം എസ് എഫിന്റെയും മുഖമായി പാര്‍ട്ടിയില്‍ ഉള്ള വ്യക്തിയാണ് ഫാത്തിമ തഹ്ലിയ. അതേസമയം ഹരിതയില്‍ നിന്ന് പുറത്താക്കിയവര്‍ ചേര്‍ന്ന് പുതിയ എന്‍ ജി ഒ രൂപീകരിച്ചിട്ടുണ്ട്. ഷീറോ(സോഷ്യല്‍ ഹെല്‍ത്ത് എംപവര്‍മെന്റ് റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍) എന്ന എന്‍ ജി ഒയ്ക്കാണ് മുന്‍ ഹരിത നേതൃത്വം രൂപം നല്‍കിയത്.












Click it and Unblock the Notifications